തിരുവനന്തപുരം: നാളിതുവരെ പ്രഖ്യാപിച്ചിട്ടുള്ള ജനപ്രിയ ബജറ്റുകളേയും, ക്ഷേമ പദ്ധതികളേയും മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ ഒറ്റയടിക്ക് 400 രൂപ കൂട്ടി, ആശവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. കൂടാതെ അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡിഎ കൂടി എല്ലാവർക്കും അനുവദിച്ചു. മുഖ്യമന്ത്രി നടത്തിയ ക്ഷേമ പദ്ധതി പ്രസംഗത്തിന്‍റെ വിവരങ്ങൾ ഒന്നൊന്നായി പരിശോധിക്കാം.
സ്ത്രീ സുരക്ഷാ പദ്ധതി- ട്രാൻസ് വുമൺ അടക്കമുള്ളവർക്ക് സാമ്പത്തിക സഹായം
മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നാമത്തേത് സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുമെന്നതാണ്. ഇതിൽ പ്രധാനം സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും എന്നതാണ്. 35 മുതൽ 60 വയസു വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്
വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസു വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
കുടുംബശ്രീ എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്
1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ കേവല ദാരിദ്ര്യനിർമാർജനത്തിനായി കേരള സർക്കാർ രൂപം നൽകിയ ‘കുടുംബത്തിൻറെ ഐശ്വര്യം’ എന്ന് അർത്ഥം വരുന്ന കുടുംബശ്രീ പദ്ധതി ഇന്ന് കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്മ്യൂണിറ്റി ശൃംഖലയായി വളർന്നിരിക്കുകയാണ്. അയൽക്കൂട്ടം, എഡിഎസ്, സിഡിഎസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്.
അയൽക്കൂട്ടങ്ങൾ, എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിൻറെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലേയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് എ.ഡി.എസ് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
ഇത് മൂന്നും പുതിയ പദ്ധതികളാണ്. നവകേരളസദസ്, സംസ്ഥാനത്ത് ആകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികൾ, അതിൻറെ ഭാഗമായിയുള്ള ചർച്ചകൾ ഇങ്ങനെ വലിയ ഒരു പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കണമെന്നും സർക്കാർ കാണുന്നു.
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപയാണ്. ഈ തുക മുടക്കം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരമായ ദൗത്യമാണ്, അത് മുടങ്ങാതെ നിറവേറ്റാൻ അതീവ ശ്രദ്ധയും ജാഗ്രതയുമാണ് സർക്കാർ പുലർത്തിയത്. ഒരു ഗഡുപോലും അനിശ്ചിതമായി കുടിശിക ആകാതിരിക്കാൻ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിവന്നാലും പെൻഷൻ തുക നൽകുമെന്ന് ദൃഢനിശ്ചയം എടുത്തു. ഇപ്പോൾ സർക്കാർ നിലവിലെ പ്രതിമാസ പെൻഷൻ 400 രൂപ കൂടി ഉയർത്തി പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്കുള്ള ഡിഎ/ ഡിആർ
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ – ഡിആർ കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ 2 ഗഡു നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിൻറെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ – ഡിആർ കൂടി അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/പെൻഷനോടൊപ്പം നൽകും.
സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിട്ടുണ്ട്. മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ ഒന്നിനു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം- കുടിശിക നൽകും
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിക്കുന്നു. 66,240 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ഈ ഇനത്തിലെ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ൽ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു. സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) ഓണറേറിയം, സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിലെ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധനവ്
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
പാചകത്തൊഴിലാളികളുടെ ഓണറേറിയം
സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത്. ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും. 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. ഈ ഇനത്തിലെ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം
പ്രീ പ്രൈമറി റ്റീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000/ രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക.
ഗസ്റ്റ് ലക്ച്ചറർമാരുടെ വേതനം
ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 / രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക.
റബ്ബർ സബ്സിഡി, റബറിന്റെ താങ്ങുവില 200 ആയി ഉയർത്തും, നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻറെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും. ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി നടപടികൾ സ്വീകരിക്കും.
സ്കോളർഷിപ്പ്
പട്ടികജാതിവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധികധനസഹായം, 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും. സ്കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക. വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നൽകുന്ന ധനസഹായ പദ്ധതികൾ കുടിശ്ശിക ഉൾപ്പെടെ കൊടുത്തുതീർക്കുന്നതിനായി 498.36 കോടിരൂപ അധികമായിനൽകും.
തണൽ-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി രൂപ.ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതി 44 കോടി രൂപ. ഖാദി സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ട്ടുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി രൂപ. ഖാദിതൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി രൂപ. യൂണിഫോം വിതരണത്തിൻറെ ഭാഗമായി കൈത്തറി തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി രൂപ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 64 കോടി രൂപ. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 1.17 കോടി രൂപ. മിശ്രവിവാഹിതർക്കുള്ള ധനസഹായം 11.85 കോടി രൂപ. വന്യമൃഗ അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ. മലബാർ ദേവസ്വത്തിൻറെ കിഴിലുള്ള ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായം 0.82 കോടി രൂപ. പമ്പിംഗ് സബ്സിഡി 42.86 കോടി രൂപ
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധസഹായങ്ങളും മറ്റ് അനുകുല്യങ്ങളും
ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന് പണം അനുവദിക്കും.
കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേർത്ത് ഐ.ബി.ഡി.എസ് മുഖേന പണം അനുവദിക്കും.
ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും.
മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുവാൻ കെ.എം.എസ്.സി.എലിന് 914 കോടിരൂപ ഐ.ബി.ഡി.എസ് മുഖേന അനുവദിക്കും.
സപ്ലൈകോ – വിപണി ഇടപെടൽ ഇനത്തിൽ കുടിശ്ശിക തീർക്കുന്നതിനായി 110 കോടിരൂപ അനുവദിക്കും
നെല്ല് സംഭരണത്തിൽ ബാക്കി നൽകാനുള്ള തുക ഉടനെ അനുവദിക്കും. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ കുടിശ്ശിക തീർക്കാനുള്ള തുക കണ്ടെത്തും.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി രൂപ അനുവദിക്കും
കരാറുകാരുടെ കുടിശ്ശിക ബിഡിഎസ് വഴി കൃത്യതയോടെ നൽകും. ഈ ഇനത്തിൽ ആകെ 3094 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 1000 കോടിരൂപ ഈ സാമ്പത്തികവർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക് ബിഡിഎസ് ഒഴിവാക്കി മുൻഗണന നൽകി നേരിട്ട് തുക അനുവദിക്കും. കേരള സാമൂഹിക സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികൾക്കുള്ള കുടിശ്ശിക തിർക്കുന്നതിനായി 88.38 കോടിരൂപ അനുവദിക്കും.
വയോമിത്രം 30 കോടി രൂപ
സ്നേഹപൂർവ്വം 43.24 കോടി രൂപ
ആശ്വാസകിരണം 6.65 കോടി രൂപ
സ്നേഹസ്പർശം 0.25 കോടി രൂപ
മിഠായി 7.99 കോടി രൂപ
വി കെയർ 0.24 കോടി എന്നിങ്ങനെയാണ് അനുവദിക്കുക.
കൂടാതെ 2025 മാർച്ച് മാസം വരെയുള്ള പുതിയ അപേക്ഷകൾ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ആശ്വാസകിരണം പദ്ധതിയ്ക്ക് 55 കോടിരൂപയും സമാശ്വാസം പദ്ധതിക്ക് 3.1 കോടിരൂപയും കൂടി വേണ്ടി വരും. കുടിശ്ശിക ഉൾപ്പെടെ മൊത്തം ആവശ്യമായ 146.48 കോടി രൂപ അനുവദിക്കും.
പ്രവാസി ക്ഷേമബോർഡിൻറെ പെൻഷൻ പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ട്പോകുന്നതിനായി 70 കോടിരൂപ അനുവദിക്കും.
ഖാദി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയരുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കു ഉള്ള ധനസഹായം, വൃദ്ധസദന കൗൺസിലർമാർക്കുള്ള ഓണറേറിയം എന്നിവയ്ക്കായി ആകെ 76.26 കോടിരൂപ അനുവദിക്കും.
ബഡ്ജ്റ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാനൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങനൾക്ക് കുടിശ്ശിക തീർക്കുരന്നതിനായി 20.61 കോടി രൂപ നൽകും.
കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്‍റെ പശ്ചാത്തലത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാർ മുഖ്യമായി കാണുന്നത്. അതുകൊണ്ടാണ് എല്ലാ പ്രയാസങ്ങളെയും മാറ്റിവച്ച് ഈ വർദ്ധിച്ച ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്നത്. ഇതിന് പുറമേ മറ്റ് ചില നടപടികൾ കൂടി ഇവിടെ അറിയിക്കുകയാണ്. കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക കൊടുത്തുതിർക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത് കണ്ടെത്താൻ വായ്പയെടുക്കും. കേരള അംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. 24.6 കോടിരൂപയാണ് ഇതിന് വേണ്ടത്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.














































