പുത്തൂർ: വെൽഡിങ് തൊഴിലാളിയായ യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നു സംഭവം.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അതേസമയം കഴിഞ്ഞ 4 വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇന്നലെ തന്റെ കൂടെ കഴിയുന്ന യുവതിയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ആദ്യ ഭർത്താവായ ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ പ്രതി അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭാര്യ അയൽവാസിക്കൊപ്പം പോയതോടെ ശ്യാമു ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം.