ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്. പാക്കിസ്ഥാന് ജലം നൽകിയില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാൻ പൂർണമായി സഹകരിക്കാൻ തയാറാണെന്നും ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം അസിഫ് നിഷേധിച്ചു. ‘ലഷ്കറെ തയിബ പാക്കിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ?’– അസിഫ് ചോദിച്ചു.
കൂടാതെ ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാക്കിസ്ഥാനുണ്ടെന്നും ക്വാജ അസിഫ് സമ്മതിച്ചു. പാശ്ചാത്യരുടെ ഈ വൃത്തികെട്ട ജോലി ചെയ്തതിന്റെ ദുരിതം പാക്കിസ്ഥാൻ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നയം അവതാരക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭീകരസംഘടനകളെ പോറ്റിവളർത്തിയത് പാശ്ചാത്യർക്കുവേണ്ടിയാണെന്നു പ്രതിരോധമന്ത്രി പറഞ്ഞത് ‘നോക്കൂ, ഞങ്ങൾ ഈ ചീത്തജോലി യുഎസിനുവേണ്ടി 3 ദശകത്തോളമായി ചെയ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കം പാശ്ചാത്യർക്കും വേണ്ടിയാണത്. തെറ്റുതന്നെ. അതിന്റെ ദുരിതം ഞങ്ങൾ അനുഭവിക്കുകയും ചെയ്തു’– അസിഫ് പറഞ്ഞു.
അതേസമയം പുൽവാമയിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാ സേന തകർത്തു. അഹ്‌സാനുൽ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സേന തകർത്തത്.