ന്യൂഡൽഹി: ലോക്‌സഭയിൽ വഖഫ് ബില്ലിനെതിരെ ആഞ്ഞടിച്ച് കെ രാധാകൃഷ്ണൻ എംപിയും കെ സി വേണുഗോപാൽ എംപിയും. സിപിഐഎം വഖഫ് ബില്ലിനെ എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ വ്യക്തമാക്കി. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണ് സർക്കാരിന്റെ അജണ്ടയെന്ന് കെസി വേണുഗോപാൽ എംപിയും പറഞ്ഞു. അതേസമയം ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി.
വഖഫ് ബിൽ കൊണ്ടുവരുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയല്ലെന്നും തെറ്റായ സമീപനത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുർബലപ്പെടുത്താനും മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
കൂടാതെ മുസ്‌ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ടാകണം, അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ല. വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാൻ തയ്യാറാകുമോ?. കേരളത്തിൽ ദേവസ്വം ബോർഡുണ്ട്. ഒരിക്കൽ ദേവസ്വം ബോർഡിലെ ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യൻ പേരുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്ത്യൻ പേര് വന്നതുകൊണ്ട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് വലിയ കലാപം കേരളത്തിലുണ്ടായിട്ടുണ്ട്. ഹിന്ദു ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് പറഞ്ഞ് 1987ൽ കലാപമുണ്ടായെന്നും കെ രാധാകൃഷ്ണൻ ലോക്സഭയിൽ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാടാകെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും കെ രാധാകൃഷ്ണൻ എംപി ആഹ്വാനം ചെയ്തു. ബില്ലിനെ അനുകൂലിക്കുന്നവരോട് അദ്ദേഹം മുള്ളറിന്റെ വിലാപകാവ്യം ഓർമിപ്പിക്കുകയും ചെയ്തു.
ഓരോ മതവിഭാഗത്തിനും അവരുടേതായ താൽപര്യം സംരക്ഷിക്കാനുള്ള അവസരം നൽകണം. ബില്ലിനെ അനുകൂലിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം എനിക്ക് സൂചിപ്പിക്കണം. നമുക്ക് അറിയാം ഹിറ്റ്‍ലർ എങ്ങനെയാണ് ജർമനിയെ ഫാഷിസത്തിലേക്ക് കൊണ്ടുപോയതെന്ന്. അന്ന് ഫാഷിസത്തെ പിന്തുണച്ച മാർട്ടിൻ നീമോളർ എന്ന കവി പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്:‘അവർ ആദ്യം വന്നത് കമ്യൂണിസ്റ്റുകാരെ തിരഞ്ഞാണ്, അന്നു ഞാൻ എതിർത്തില്ല. കാരണം ഞാൻ കമ്യൂണിസ്റ്റ് ആയിരുന്നില്ല, രണ്ടാമത് വന്നത് സോഷ്യലിസ്റ്റുകളെ അന്വേഷിച്ചാണ്, അന്നും ഞാൻ എതിർത്തില്ല, പിന്നീട് വന്നത് ട്രേഡ് യൂണിയൻ നേതാക്കളെ, പിന്നീട് അവർ വന്നത് ജൂതന്മാരെ അന്വേഷിച്ചാണ്. അവസാനം അവർ വന്നത് എന്നെ അന്വേഷിച്ചാണ്. അപ്പോൾ എന്നെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു’, ഭാവിയിൽ ആരും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കാൻ കഴിയണമെന്നും എംപി പറഞ്ഞു.
എന്നാൽ കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണൻ വലിച്ചിഴയ്ക്കുന്നതായി സുരേഷ് ഗോപി ആരോപിച്ചു. കെ.രാധാകൃഷ്ണൻ പേരു പരാമർശിച്ച സ്ഥിതിക്ക് സുരേഷ് ഗോപിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബിൽ പാസാക്കുന്നതോടെ അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു. അതിനായി കാത്തിരിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് വഖഫ് ബില്ലെന്ന് കെ സി വേണുഗോപാൽ എംപിയും പറഞ്ഞു. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആവർത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താൽപര്യം. അല്ലാതെ മുനമ്പത്തിന്റെ പേരിൽ രാഷ്ട്രീയ താൽപര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വൈഷ്‌ണോദേവി ക്ഷേത്രനിയമപ്രകാരം ലഫ്റ്റനന്റ് ഗവർണറാണ് ചെയർമാൻ. ലഫ്റ്റനന്റ് ഗവർണർ ഹിന്ദുവല്ലെങ്കിൽ മറ്റൊരാളെ നാമനിർദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. കെസിബിസിയെയും സിബിസിഐയെക്കുറിച്ചും റിജിജു പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് രൂപീകൃതമായത് പോപ്പ് വിസിറ്റിന് എതിരായാണ്. എത്ര പള്ളികൾ ആക്രമിക്കപ്പെട്ടുവെന്നും സിബിസിഐ കത്ത് നൽകിയിട്ട് സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
അതേസമയം രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം വർധിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാർ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകൾ എത്തുന്നു, ഒരു വശത്ത് മുസ്‌ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യൻ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതർ സ്ത്രീകൾക്ക് വെള്ളം നൽകുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ കർഷകർ മിനിമം താങ്ങുവില ആവശ്യപ്പെട്ട് തെരുവിലാണ്. കർഷകർക്കായുള്ള ബിൽ സഭയിൽ കൊണ്ടുവരുന്നില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.