കൊച്ചി: വൈറ്റിലയിലെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേർ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ വടിവാൾ ഉൾപെടെയുള്ളവ പിടികൂടി. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. കാറിൽ നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. പുറത്തു പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്. സംഘർഷത്തിൽ ബാർ ജീവനക്കാർക്കും മർദനമേറ്റു. യുവതിയുടെ കൈക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്.
തർക്കത്തിനിടെ ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണ പ്രതികൾ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മർദിച്ചെന്നുമാണ് ബാർ ഉടമ നൽകിയിരിക്കുന്ന പരാതി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി എറണാകുളത്ത് എത്തിയവരാണ് അക്രമികളെന്നാണ് അറിയുന്നത്.


















































