ആലപ്പുഴ: വഴിവക്കിൽ തന്നെ കാത്തുനിന്ന ജമഹൃദയങ്ങളുടെ അവസാന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം പുന്നപ്രയിലെ വീട്ടിലേക്കെത്തി. ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസിനെ കാണാൻ വലിയ ജനാവലിതന്നെയാണ് വഴിയിലാകെ തടിച്ചുകൂടിയത്.
പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രിയപ്പെട്ട വിഎസിനെ ഒരുനോക്കുകാണാൻ വഴിയരികിൽ ആയിരങ്ങൾ കാത്തുനിന്നിരുന്നതിനാൽ സാധിച്ചില്ല. 22 മണിക്കൂറുകൾ പിന്നിട്ടാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്കെത്തുന്നത്. ആയിരക്കണക്കിനാളുകളാണ് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്.
ഇതോടെ നിശ്ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിലവിലെ അവസ്ഥയിൽ സംസ്കാരം നീണ്ടുപോയേക്കും. നിലവിൽ ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും.
വിഎസിനെ അവസാനമായി ഒരുനോക്കു കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽനിന്ന് പ്രവർത്തകർ രാത്രി തന്നെ ആലപ്പുഴയിലെത്തിചേർന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയിട്ടുണ്ട്.