തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് എത്രയും പെട്ടെന്നു ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിൽ ശാസ്തമംഗലത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി വളരെ ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖയുടെ ആവശ്യം. തുടർന്നാണ് എംഎൽഎയെ നേരിട്ട് വിളിച്ച് അറിയിച്ചത്. എന്നാൽ കൗൺസിലർ ആർ. ശ്രീലേഖയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് എംഎൽഎ പറഞ്ഞു.
തനിക്കു വാടക കരാർ പ്രകാരമാണ് ഓഫിസ് അനുവദിച്ചിട്ടുള്ളതെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോർപറേഷൻ കൗൺസിൽ ആവശ്യപ്പെട്ടാൽ എംഎൽഎയ്ക്ക് ഓഫിസ് ഒഴിഞ്ഞുനൽകേണ്ടി വരും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ശ്രീലേഖ ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്. ഈ അവസരത്തിലാണ് എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കൗൺസിലർ ശ്രമിക്കുന്നതും.


















































