ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത് വാടക നൽകാതെയായിരുന്നുവെന്ന് വികെ പ്രശാന്ത് കഴിഞ്ഞദിവസം നടന്ന മനോരമ ചാനലിലെ ചർച്ചയിൽ തുറന്നു സമ്മതിച്ചിരിക്കുന്നു. ഒടുവിൽ ശ്രീലേഖ ഓഫീസിന് വേണ്ടി വാദമുന്നയിച്ചപ്പോഴാണ് കുടിശ്ശികയായിരുന്ന വാടകയെല്ലാം ഒരുമിച്ച് കൊണ്ടടച്ചതെന്നും പ്രശാന്ത് സമ്മതിച്ചു. കോർപറേഷൻ സിപിഎം ഭരിച്ചിരുന്ന കാലത്ത് വാടക എന്നതൊക്കെ ചുമ്മാ പേരിനൊരു നിയമസാധുത എന്നത് മാത്രമായിരുന്നെന്നും സിപിഎം നേതാക്കളും അണികളും തങ്ങൾക്കിഷ്ടമുള്ള പോലെ കോർപറേഷന്റെ സ്വത്തുക്കൾ സ്വന്തമായി അനുഭവിച്ചു വരികയായിരുന്നുവെന്നുമുള്ള ബിജെപി ആരോപണം ശരിവെക്കുന്ന വാക്കുകളായിരുന്നു പ്രശാന്തിന്റെ സമ്മതത്തിലൂടെ പുറത്ത് വന്നത്.
എന്നാൽ അതേ ചർച്ചയിൽ തന്നെ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത അനിൽ ബോസ് കൂടുതൽ ഗൗരവതരമായ ആരോപണങ്ങൾ പ്രശാന്തിനെതിരെ ഉന്നയിക്കുകയായിരുന്നു. ശാസ്തമംഗലത്ത് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്ന പ്രശാന്ത് എംഎൽഎ ഹോസ്റ്റലിൽ തനിക്കനുവദിച്ച മുറികൾ മറ്റു സ്വകാര്യ വ്യക്തികൾക്ക് ഉപയോഗിക്കാൻ നൽകിയിരിക്കുകയാണെന്നാണ് അനിൽ ബോസ് ആരോപിച്ചത്. അതിൽ ഒരാൾ കോർപറേഷനിലെ പ്രവൃത്തികൾ നടത്തി വരുന്ന ഒരു കരാറുകാരനാണെന്നും അയാൾ എംഎൽഎ ഹോസ്റ്റലിൽ ദീർഘകാലം സ്വൈര്യവിഹാരം നടത്തുകയായിരുന്നെന്നും അനിൽബോസ് ആരോപണം ഉന്നയിച്ചു. പ്രശാന്ത് അത് കൃത്യമായി നിഷേധിക്കുന്നതിനു പകരം തന്റെ അറിവോടെ അവിടെ താമസം ഉണ്ടെന്ന് സമ്മതിക്കുകയായിരുന്നു. അതോടെ അനുവദിക്കപ്പെട്ട ഓഫീസ് മറ്റു വ്യക്തികൾക്ക് നൽകി കോർപറേഷന്റെ കെട്ടിടം തുച്ഛമായ വാടകയ്ക്ക് ഉപയോഗിക്കുകയാണെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാവാതെ പ്രശാന്ത് പരുങ്ങലിലായി.
അതിനു പിന്നാലെ ബിജെപിയിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത യുവരാജ് ഗോകുലാണ് തുച്ഛമായ വാടക പോലും കൃത്യമായി അടക്കാതെയാണ് പ്രശാന്ത് ആ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നതെന്ന വിവരം പുറത്ത് കൊണ്ടു വന്നത്. മാത്രമല്ല പരിചയമുള്ള രണ്ട് വ്യക്തികളുടെ സംഭാഷണത്തെ വിവാദമാക്കി മാധ്യമങ്ങൾക്ക് ആദ്യം അഭിമുഖം നൽകിയതും അതിൽ ശ്രീലേഖയെ മേയർ സ്ഥാനം കിട്ടാത്തതിലുള്ള നിരാശ തീർക്കുകയാണെന്ന രീതിയിലുള്ള അധിക്ഷേപം നടത്തിയതും പ്രശാന്താണെന്നും യുവരാജ് പറഞ്ഞു.
എന്നാൽ ശ്രീലേഖ ഉയർത്തി വിട്ട ഭൂതം ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുന്നില്ല എന്നതാണ് പുതുതായി വരുന്ന വാർത്തകൾ കാണുമ്പോൾ മനസിലാക്കാനാവുന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിൽ എത്ര കെട്ടിടങ്ങൾ ഉണ്ടെന്ന വ്യക്തമായ കണക്കു പോലും എൻജിനീയറിങ്, റവന്യു, ആരോഗ്യ വിഭാഗങ്ങളിൽ ഇല്ല എന്നാണ് ഇപ്പോൾ വരുന്ന പുതിയ വിവരം. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ രാഷ്ട്രീയ സ്വാധീനം വച്ച് തുച്ഛമായ വാടകയ്ക്ക് കരാറെടുത്ത് വലിയ തുകയ്ക്ക് മറിച്ച് വാടകയ്ക്ക് നൽകുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ട്.
പാളയം മാർക്കറ്റ്, പൂജപ്പുര മൈതാനത്തിനു ചുറ്റുമുള്ള സ്‌ഥലങ്ങളിലെ കെട്ടിടങ്ങൾ തുടങ്ങിയവ വർഷങ്ങളായി ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇവിടങ്ങളിലെ ചില കടകളും തിരുമല ഷോപ്പിങ് കോംപ്ലക്സ്, പേരൂർക്കട ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും കട മുറികളിലും കച്ചവടം നടത്തുന്നത് കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട വ്യക്തികളല്ലെന്നും കോർപറേഷൻ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷനു നൽകുന്ന വാടകയുടെ അഞ്ചും ആറും ഇരട്ടി തുകയ്ക്ക് മറു വാടകയ്ക്ക് നൽകിയിരിക്കാനാണു സാധ്യതയെന്നാണ് കണക്കുകൂട്ടൽ. കോർപറേഷനുമായി കരാറിലേർപെട്ട വ്യക്തി മരണപ്പെട്ടിട്ടും കെട്ടിടങ്ങൾ തിരികെ നൽകാത്ത സംഭവങ്ങളും കോർപറേഷന്റെ പ്രാഥമികാന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
കോർപറേഷൻ മേയറായി സ്ഥാനമേറ്റെടുത്ത വിവി രാജേഷ് ആദ്യം തന്നെ വ്യക്തമാക്കിയത് ഇത്തരത്തിൽ കോർപ്പറേഷന്റെ ആസ്തികൾ അനധികൃതമായി കൈവശം വെക്കുന്നവരെയെല്ലാം കണ്ടെത്തുമെന്നതായിരുന്നു. എംഎൽഎയുടെ കാര്യം പൊതു ഓഫീസായതിനാൽ ഇളവു നൽകാമെങ്കിലും സ്വകാര്യ വ്യക്തികൾ തങ്ങളുടെ ലാഭത്തിനായി തുച്ഛമായ നിരക്കിൽ കോർപ്പറേഷൻ കെട്ടിടങ്ങൾ കൈവശം വച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയതാണെങ്കിലും ഇത്രവലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. 1972 മുതൽ കോർപറേഷൻ ഭരണം കൈയാളുന്ന സിപിഎമ്മിന് 53 വർഷത്തിനു ശേഷമാണ് ഭരണം നഷ്ടമാവുന്നത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലാതെ അര നൂറ്റാണ്ട് ഭരണം കൈപിടിയിലായതിനാൽ സിപിഎമ്മിന് സ്വാധീനമുള്ളവരായിരുന്നു പല കരാറുകളും നേടിയിരുന്നത്. താൽക്കാലിക നിയമനങ്ങളിലും പാർട്ടിയുടെ കൈ ഉണ്ടായിരുന്നുവെന്ന് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നപ്പോൾ വെളിവായതാണ്. അതുകൊണ്ട് തന്നെ പുതിയൊരു പാർട്ടി അതും സിപിഎമ്മുമായി കടുത്ത വൈരം വച്ചു പുലർത്തുന്ന ബിജെപി അധികാരത്തിൽ എത്തിയതോടെ ഇതുവരെയുള്ള മറച്ചു പിടിക്കപ്പെട്ട പല അഴിമതിക്കഥകളും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് സാധാരണ ജനം കരുതുന്നത്. അതിന്റെ തിരി കൊളുത്തുന്ന ചടങ്ങ് മാത്രമായി ഇപ്പോഴത്തെ ശ്രീലേഖ- പ്രശാന്ത് സംഭവത്തെ കണ്ടാൽ മതി.


















































