കൊച്ചി: വി.കെ. മിനിമോളെ മേയറാക്കാൻ കോൺഗ്രസിൽ ധാരണയായി. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽനിന്നാണ് മിനിമോൾ ജയിച്ചത്. അതേസമയം ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
അതുപോലെ ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡെപ്യൂട്ടി മേയറാകും. രണ്ടാം ടേമിൽ കെവിപി കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ.വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട കോർ കമ്മിറ്റി ഓരോ കൗൺസിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയാണ് അന്തിമ തീരുമാനത്തിലെത്തിയത്.
അതേസമയം ചില കൗൺസിലർമാർ ഒന്നിലേറെ പേരുകൾ മുന്നോട്ടുവച്ചു. 5 വർഷകാലാവധി വീതം വയ്ക്കുന്നതിനെക്കുറിച്ചും ചിലർ അഭിപ്രായം അറിയിച്ചു. വിവിധ പേരുകളിൽ നിന്നു വ്യക്തമായ തീരുമാനത്തിലെത്തുന്നതിനു വേണ്ടിയാണു കൗൺസിലർമാരുടെ അഭിപ്രായം ഒറ്റയ്ക്കൊറ്റയ്ക്കു ശേഖരിച്ചത്.
തന്റെ മുന്നിലുള്ളത് വലിയ ഉത്തരവാദിത്തമാണെന്ന് മിനിമോൾ പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനമെടുത്തതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. കോർപറേഷനിലെ ആകെ സീറ്റുകൾ 76. കോൺഗ്രസ് 42, മുസ്ലീം ലീഗ് 3, കേരള കോൺഗ്രസ് 1, യുഡിഎഫ് സ്വതന്ത്രൻ 1. എൽഡിഎഫ് 22, എൻഡിഎ 6, മറ്റുള്ളവർ 1.



















































