തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ഇന്നു വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. ഒരുപാട് പ്രയാസങ്ങളും പ്രതിബന്ധങ്ങളും പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ടതായി മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വിഴിഞ്ഞം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028-ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. 2028-ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.
2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിച്ചത്. 2023 ഒക്ടോബർ 15- വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ, ചൈനീസ് ചരക്കുകപ്പൽ ‘ഷെൻ ഹുവ 15എ’ വിഴിഞ്ഞത്ത് എത്തി.
2024 ജൂലൈ 12 – ട്രയൽ റൺ ആരംഭിച്ചു, പിന്നാലെ സാൻ ഫർണാണ്ടോ കപ്പൽ വിഴിഞ്ഞത്തെത്തി. 2024 ഡിസംബർ 3 – വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 2025 ജൂൺ 9- ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന’ വിഴിഞ്ഞത്ത് എത്തി. 2025 സെപ്റ്റംബർ 23 ന് 500-മാത്തെ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 2025 ഡിസംബർ – ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവും കൈവരിച്ചു.















































