മലപ്പുറം: എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. കടുത്ത പീഡനമാണ് ഭർത്താവിൽ നിന്ന് വിഷ്ണുജ നേരിട്ടതെന്ന് സുഹൃത്ത് പറയുന്നു. ഓരോ ദിവസവും ഭയന്നാണ് വിഷ്ണുജ ജീവിതം മുന്നോട്ടുകൊണ്ടുപോയതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭർത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.
ഫോണിലൂടെ വിഷ്ണുജയെ ഭർത്താവ് നിരന്തരം നിരീക്ഷിച്ചിരുന്നു. വിഷ്ണുജയുടെ ഫോൺ പ്രബിന്റെ ഫോണുമായി കണക്റ്റ് ആയിരുന്നു. അതിനാൽ ടെലഗ്രാം വഴിയാണ് സംസാരിച്ചിരുന്നത്. കഴുത്തുഞെരിച്ചും മറ്റും വിഷ്ണുജയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചുവെന്നും സുഹൃത്ത് പറയുന്നു.
“അയാൾ അവളെ ഭയങ്കരമായി ഉപദ്രവിക്കുമായിരുന്നു. കഴുത്തിൽ കയറിട്ട് മുറുക്കുകയൊക്കെ ചെയ്തിട്ടുണ്ട്. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അവൾക്കു പറ്റുന്നില്ലെന്ന് മനസിലായപ്പോഴാണ് എന്നോട് എല്ലാം പറയാൻ തുടങ്ങിയത്. നീ ഇങ്ങു തിരിച്ചുപോരാനാണ് ഞാൻ അവളോട് പറഞ്ഞിരുന്നത്. വീട്ടിൽ അവളെ സ്വീകരിക്കുമായിരുന്നു.
വാട്സാപ്പ് അയാളുടെ ഫോണുമായി കണക്റ്റഡ് ആയിരുന്നു. വാട്സാപ്പിലൊന്നും ഫ്രീ ആയി അവൾ ഞങ്ങളോട് സംസാരിച്ചിരുന്നില്ല. അയാൾ അറിയാതെ ടെലഗ്രാമിലൊക്കെയാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അയാൾ അവളുടെ ഫോണിൽ നിന്നും മെസേജ് അയക്കുമായിരുന്നു. ഫോൺ വിളിച്ചു സ്പീക്കറിലിട്ട ശേഷം അയാൾ ഉള്ളത് അറിയിക്കാതെ ഞങ്ങളുമായി സംസാരിക്കാൻ നിർബന്ധിക്കുമായിരുന്നു’’ – സുഹൃത്ത് പറഞ്ഞു.
നേരത്തെ സമാന രീതിയിൽ വിഷ്ണുജയുടെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നവിധമാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. അതേസമയം യുവതിയുടെ മരണത്തിൽ ഭർത്താവ് പ്രബിനെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഭർതൃ പീഡനത്തെതുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മാത്രമല്ല, സ്ത്രീധനം കുറഞ്ഞുപോയി, സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിൻ നിരന്തരം അപമാനിച്ചെന്നാണ് പരാതി. പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനാണ് വിഷ്ണുജ ശ്രമിച്ചതെന്നും മകൾ ഇത്രയധികം മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും വിഷ്ണുജയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.