കൊല്ലം: ഷാർജയിൽ മലയാളി യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ. വിപഞ്ചികയുടെ ഭർതൃ പിതാവ് തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് തെളിവുകൾ ഉണ്ടെന്നും അവർ ആരോപിച്ചു.
‘എന്റെ മകളോട് മാത്രമല്ല എന്നോടും അയാൾ മോശമായി പെരുമാറി, പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഓഡിയോ ഞാൻ സേവ് ചെയ്തുവച്ചിട്ടുണ്ട്’, ഭർത്താവ് നിതീഷിന്റെയും പെങ്ങളുടേയും അവരുടെ അച്ഛന്റെയും ക്രൂരതകൾ സഹിക്കാൻ പറ്റാതായതോടെയാണ് മകൾ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
ഭർതൃവീട്ടിൽ നിന്നും ഇത്രയേറെ ക്രൂരതകൾ നേരിടേണ്ടി വന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ക്ഷമിച്ചതെന്നും ഷൈലജ വെളിപ്പെടുത്തി. ‘വിപഞ്ചികയുടെ അച്ഛൻ വർഷങ്ങൾക്കു മുൻപേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. ആ അവസ്ഥ അവൾക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനേയും സ്നേഹിച്ചു, എന്നിട്ടും അവരെല്ലാം കൂടി എന്റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാൻ അയാളുടെ പെങ്ങൾ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച് കണ്ണുനിറഞ്ഞ ഫോട്ടോ ചില ബന്ധുക്കൾക്കൊക്കെ അവൾ അയച്ചു കൊടുത്തിരുന്നു. അവന്റെ അവിഹിത ബന്ധം പോലും അവൾ കണ്ടില്ലെന്നുനടിച്ചത് തന്റെ കുഞ്ഞിന് അച്ഛൻ വേണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. നാത്തൂന്റെ ഭർത്താവിനോട് പലതവണ കെഞ്ചി പറഞ്ഞിട്ടുണ്ട്, ഭർത്താവിനെ വിട്ടുതരാന്.
നിതീഷ് ‘എന്റെ കുഞ്ഞ്’ എന്നു പറയുന്നത് പെങ്ങളുടെ കൊച്ചിനെയാണ്. അവരുടെ എല്ലാ കാര്യത്തിനും നിതീഷ് പോകണം.’ ഇല്ലെങ്കിൽ അച്ഛനും പെങ്ങളും അവനോട് ദേഷ്യപ്പെടുമെന്നും ശൈലജ പറയുന്നു. ‘ഒരു ബെഡിൽ ഭാര്യയെയും കാമുകിയെയും കൊണ്ടുകിടത്തി എന്നതിനപ്പുറം എന്തുപറയണം നിതീഷിനെക്കുറിച്ച്… വിപഞ്ചിക പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല. അമ്മ വിഷമിക്കരുത് എന്നാണ് എല്ലാവരോടും പറയാറുള്ളത്. വിപഞ്ചികയുടെ ആങ്ങളയും ഭാര്യയും അവിടെയുണ്ട്, അവരോടും ഒന്നും ഇതുവരെ വിട്ടുപറഞ്ഞിട്ടില്ല, നിതീഷിന്റെ കുടുംബത്തിന് സ്വർണത്തോടും പണത്തോടും മാത്രമാണ് ആർത്തി എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ വിട്ടുപറയില്ലെന്നും അമ്മ പറയുന്നു.
നിതീഷിന്റെ അച്ഛൻ വിപഞ്ചികയോട് മാത്രമല്ല തന്നോടും മോശമായും മര്യാദയില്ലാതെയും പെരുമാറിയിട്ടുണ്ടെന്ന് ശൈലജ ആരോപിച്ചു. മോശമായി സംസാരിച്ച ഓഡിയോ താൻ സേവ് ചെയ്തുവച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. ‘ഭർത്താവ് ഉപേക്ഷിച്ചുപോയി ഇത്രകാലമായിട്ടും ആരും എന്നോടിത്ര മോശമായി സംസാരിച്ചിട്ടില്ല, അയാളൊരു വൃത്തികെട്ടവനാണ്, നിതീഷ് കൂട്ടുകാർക്കൊപ്പം നാലഞ്ചുദിവസം യാത്രയൊക്കെ പോകുന്ന സമയത്ത് വിപഞ്ചികയും കുഞ്ഞും അയാളുമാണ് വീട്ടിലുണ്ടാവുക, രാവിലെ മുതൽ മദ്യപാനം തുടങ്ങും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയിൽ കയറി വിളിക്കണം. മരുമകൾക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടുതലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്’ ശൈലജ പറഞ്ഞു.
ഒരിക്കൽ കൗൺസിലിങ്ങിന് പോയപ്പോൾ ആ ഡോക്ടർ നിതീഷിനോട് ചോദിച്ചിട്ടുണ്ട്. നിനക്കുവേണ്ടിയാണോ അച്ഛനു വേണ്ടിയാണോ കല്യാണം കഴിച്ചതെന്ന്. അത്ര മോശം കുടുംബമാണതെന്നും വിപഞ്ചികയുടെ അമ്മ പറയുന്നു. ‘മരിച്ചുകഴിഞ്ഞിട്ടെങ്കിലും ഒരൽപം കുറ്റബോധമെങ്കിലും ബാക്കിയുണ്ടോ അവന് എന്റെ മകളുടേയും കുഞ്ഞിന്റെയും ശരീരങ്ങൾ ആ മരുഭൂമിയിൽ തന്നെ കളയാനാണ് ഇപ്പോൾ അവൻ ശ്രമിക്കുന്നതെന്നും അമ്മ ശൈലജ പറയുന്നു.
അതേസമയം സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷം നടത്തണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടു. യുഎഇയിലെ ഇന്ത്യൻ കോൺസലേറ്റ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുഖ്യമന്ത്രി, പോലീസ് മേധാവി തുടങ്ങിയവർക്ക് ഷൈലജ ഇതുസംബന്ധിച്ച് അപേക്ഷ നൽകി.
വിവാഹബന്ധം വേർപ്പെടുത്താൻ വിപഞ്ചികയെ ഭർത്താവ് നിധീഷ് നിരന്തരം നിർബന്ധിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നത്. വിപഞ്ചികയുടേയും കുഞ്ഞിന്റേയും ആഭരണങ്ങളും രേഖകളും സുഹൃത്ത് വഴി വിപഞ്ചിക തങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ബന്ധുക്കളായ ശ്രീജിത്തും സൗമ്യയും പറഞ്ഞു. നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആഭരണങ്ങൾ ഏൽപ്പിച്ചത്. അപ്പോൾ ആത്മഹത്യയെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്താൻ നിരന്തരം ശ്രമിച്ചിരുന്നു. എന്നാൽ, വിപഞ്ചിക അതിന് വഴങ്ങിയില്ല. കുട്ടിക്ക് രണ്ടര വയസെങ്കിലും ആകട്ടെ എന്നിട്ടാകാം ഇതേക്കുറിച്ചുള്ള ചർച്ചകൾ എന്നായിരുന്നു വിപഞ്ചിക എടുത്ത തീരുമാനം.