ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും വെള്ളാപ്പള്ളി പരിഹാസമുന്നയിച്ചു. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാനകണ്ണി ലീഗ് നേതൃത്വമാണ്.
ലീഗാണ് ഞങ്ങൾ തമ്മിൽ യോജിക്കാൻ പാടില്ലെന്ന് പറഞ്ഞ് തമ്മിൽ അകറ്റിനിർത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത്. ഭരണത്തിൽ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. ഈ അവഗണനയെല്ലാം അനുഭവിച്ചിട്ട് എവിടെയെത്തി. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തി. ഞാൻ മുസ്ലിം വിരോധിയല്ല. മുസ്ലിം സമുദായത്തിന് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മലപ്പുറത്തെ എന്റെ സംസാരത്തെ വക്രീകരിച്ച് വർഗീയവാദിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗിന്റെ വർഗീയ സ്വഭാവത്തയൊണ് ഞാൻ എതിർത്തത്.
എന്നെ വർഗീയവാദിയാക്കുക. ആടിനെ പട്ടിയാക്കി പേപട്ടിയാക്കി തല്ലിക്കൊല്ലുക.- വെള്ളാപ്പള്ളി പറഞ്ഞു. ഇന്നലെ പൂത്ത ഒരു തകരയുണ്ട് സതീശൻ. ഞാൻ അതിനെ പറ്റി പറയുന്നില്ല. അപ്രസക്തൻ. അദ്ദേഹമാണ് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ വർഗീയവാദിയാണെന്ന്. അതിനുള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശനെ പരസ്യമായി താക്കീത് നൽകി. മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഞാൻ വർഗീയവാദിയാണെന്ന് പറയട്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.














































