കൊച്ചി: യുവഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്നായിരുന്നു വേടൻ കോടതിയിൽ പറഞ്ഞത്. തനിക്കെതിരേ ബലാത്സംഗക്കുറ്റം നിലനിൽക്കില്ല. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കൂടാതെ ഇത്തരം കേസുകളിലെ സുപ്രീംകോടതിയുടെ മുൻ വിധിന്യായങ്ങളും വേടന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനിടെ, പരാതിക്കാരിയുമായുള്ള ബന്ധമോ, സാമ്പത്തിക ഇടപാടുകളോ വേടൻ നിഷേധിച്ചില്ല. അതേസമയം ജാമ്യാപേക്ഷയിൽ പരാതിക്കാരി കൂടി കക്ഷിചേർന്നതോടെ, വേടനെതിരേ കൂടുതൽരേഖകൾ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു.
അതുപോലെ വേടന് ജാമ്യം നൽകുന്നതിനെ കക്ഷിചേരാനെത്തിയ യുവഡോക്ടർ എതിർത്തു. താൻ മാത്രമല്ല പീഡനത്തിനിരയായത്. വേടനെതിരേ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി എത്തിയിട്ടുണ്ട്. നിരവധിപേരെ സ്വഭാവ വൈകൃതത്തിലൂടെ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച രേഖകൾ കോടതിക്ക് മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്റെ പ്രതികരണം. തുടർന്നാണ് രേഖകൾ ഹാജരാക്കാനായി പരാതിക്കാരിക്ക് സമയം അനുവദിച്ചത്.
യുവ ഡോക്ടറെ കൂടാതെ വേടനെതിരേ രണ്ട് യുവതികൾ കൂടി ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നൽകിയത്. ഒരാൾ 2020-ലും മറ്റൊരാൾ 2021-ലും വേടനിൽനിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, യുവഡോക്ടറുടെ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ വേടനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. തുടർന്നു ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.