തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്ന് സർക്കാരിനുമേൽ ഉണ്ടായതെന്ന് പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരമൊരു കാര്യത്തിൽ മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സർക്കാർ കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുന്നുവെന്നും സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പത്താം തീയതി നടന്ന കൂടിക്കാഴ്ചയിൽ എന്തോ നടന്നിട്ടുണ്ട്. 16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു. പത്തിന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രീയ നിലപാട് മാറിയത് എന്തു കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതുപോലെ ശബരിമലയിൽ പ്രതിപക്ഷം ഉയർത്തിയ മുഴുവൻ കാര്യങ്ങളും ശരിയായി. ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മെസിയുടെ വരവ് രാഷ്ട്രീയമായി ഉപയോഗിക്കാൻ കായിക മന്ത്രി ശ്രമിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു. ഇനി മെസി ചതിച്ചാശാനേ എന്ന് പറയുമോ? വന്നാൽ നല്ലതാണെന്ന് ഇപ്പോഴും പറയുന്നു. എല്ലാം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
















































