തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ ഗവർണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ എതിർസ്വരം ഉയരുന്നു. വിസി നിയമന സമവായം ഗുണം ചെയ്യില്ലെന്ന് നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉന്നയിച്ചു. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കൾ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ എല്ലാ നേതാക്കളും എതിർത്തു.
മാത്രമല്ല ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് യോഗത്തിൽ സംസാരിച്ചില്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ ഓർമിപ്പിച്ചു. വിസി നിയമനത്തിലെ സമവായം പാർട്ടിയും അറിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ഗവർണറുമായി സമവായത്തിന് മുൻകയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമർശനം. എന്നാൽ യോഗത്തിൽ എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം വിസി നിയമനത്തിന് പിന്നാലെ ഗവർണ്ണർക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി, കേരള രജിസ്ട്രാറായിരുന്ന കെഎസ് അനിൽകുമാറിനെ സർക്കാർ മാറ്റി. സസ്പെൻഷനിലായിരുന്ന അനിൽകുമാറിനെ തിരികെ നിയമിക്കാൻ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത സർക്കാർ ഒടുവിൽ സമവായത്തിന് വഴങ്ങി പിൻവാങ്ങുകയായിരുന്നു.
ഇതോടെനിയമിക്കപ്പെട്ട കെടിയു വിസി സിസ തോമസ് ഇന്നലെ ചുമതലയേറ്റു. സെനറ്റ് ഹാളിലെ ഭാരതാംബാ ചിത്രത്തിനെതിരെ നടപടി എടുത്തതോടെയാണ് രജിസ്ട്രാർ അനിലിനെ ഗവർണ്ണറുടെ പിന്തുണയോടെ വിസി സസ്പെൻഡ് ചെയ്തത്. പിന്നീട് കേരള സർവകലാശാലയിൽ അസാധാരണ സംഭവങ്ങളാണ് കേരളം കണ്ടത്. സസ്പെൻഷനിലായിട്ടും അനിൽകുമാർ ഒരു മാസത്തോളം സർക്കാരിൻറെയും സിപിഎമ്മിൻറെയും പിന്തുണയിൽ ഓഫീസിലെത്തി. എന്നാൽ എസ്എഫ്ഐ വിസിക്കെതിരെ കലാപസമാന പ്രതിഷേധം നയിച്ചു. ഇതിനെല്ലാം ഒടുവിലാണ് ഗവർണ്ണറുമായുള്ള ഒത്ത് തീർപ്പിൽ എല്ലാം സെറ്റിൽമെൻറാക്കിയത്. അനിൽകുമാറിനെ മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം കോളേജിലേക്ക് തിരികെ നിയമിച്ചു. അതേസമയം സസ്പെൻഷനെതിരെ അനിൽകുമാർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറെ പ്രീതിപ്പെടുത്തിയുള്ള പുതിയ സമവായ നീക്കം.
അതേസമയം ആദ്യത്തെ പ്രധാന സെറ്റിൽമെൻറായിരുന്നു മുഖ്യമന്ത്രി വരെ എതിർത്ത സിസ തോമസിനെ അംഗീകരിക്കൽ. 2002ൽ സർക്കാറിനെ വെട്ടി ഗവർണ്ണർ സിസയെ കെടിയു വിസിയാക്കിയപ്പോൾ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എസ്എഫ്ഐ വിസിയെ തടയുന്ന സംഭവങ്ങളുമുണ്ടായി. ഇടത് ജീവനക്കാരും പ്രതിഷേധക്കാർക്കൊപ്പം നിന്നു. ഒപ്പിടാൻ ഹാജർ ബുക്ക് പോലും സിസ തോമസിന് ലഭിച്ചില്ല. എന്നാലിപ്പോൾ ഗവർണ്ണറും സർക്കാർ ധാരണയിലെത്തിയപ്പോൾ സമാധാന അന്തരീക്ഷത്തിലാണ് സിസയുടെ ചുമതലയേറ്റത്.
ഇതിനിടെ സർക്കാറിന് പ്രിയപ്പെട്ട സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയാക്കാനാണ് സിസയോടുള്ള എതിർപ്പ് മാറ്റിയതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വൻ പോരിനൊടുവിലെ സമവായത്തിന് പിന്നിൽ അന്തർധാരയുണ്ടെന്നാണ് കോൺഗ്രസ് ആരോപണം.



















































