ദുബായ്: ചില തലകളെ അങ്ങനെ വളരാൻ അനുവദിക്കരുത്. അപ്പോഴേ താഴെയിടണം. ഇതു മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ ചക്രവർത്തിയുടെ ഇത്തവണത്തെ രംഗപ്രവേശം…ഐസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇന്ത്യയ്‌ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന ട്രാവിസ് ഹെഡ് എന്ന വൻമരം ഇന്ത്യയ്ക്കു മുകളിലേക്കു വളർന്നു ചായുമെന്ന് തോന്നിയതേ, തന്റെ ആദ്യ പന്തിൽത്തന്നെ രക്ഷകവേഷമണിഞ്ഞ് വരുൺ ചക്രവർത്തി.
ഇന്ത്യൻ പേസർമാരെ അടിച്ചു ബൗണ്ടറി കടത്തിക്കൊണ്ട് അനായാസം അർധസെഞ്ചുറിയേക്കു നീങ്ങുന്നതനിടെയാണ്, വരുൺ ചക്രവർത്തിയുടെ പന്തിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് സമ്മാനിച്ച് ഹെഡ് പുറത്തായത്. 33 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്താണ് ഹെഡിന്റെ മടക്കം.
രോഹിത്തിനെ ടോസ് വീണ്ടും ചതിച്ചാശാനേ…തുടർച്ചയായ 14-ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം, നഷ്ടങ്ങളുടെ പട്ടികയിൽ രണ്ടാമൻ
ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ മുഹമ്മദ് ഷമി സ്വന്തം ബോളിങ്ങിൽ ഹെഡ് നൽകിയ അൽപം ബുദ്ധിമുട്ടേറിയ ക്യാച്ച് കൈവിട്ടത് ഇന്ത്യയ്‌ക്ക് ബാധ്യതയാകുമെന്ന തോന്നലുയർത്തിയാണ് ഹെഡ് തകർത്തടിച്ച് മുന്നേറിയത്. ആദ്യത്തെ മൂന്ന് ഓവറുകളിൽ പൊതുവെ നിശബ്ദനായിരുന്ന ഹെഡ്, ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായി ഫോറും സിക്സും കണ്ടെത്തിയാണ് ആക്രമണത്തിലേക്ക് ഗീയർ മാറ്റിയത്. തൊട്ടടുത്ത പന്തിൽ സിംഗിളിനുള്ള ശ്രമത്തിൽ റണ്ണൗട്ടിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുക കൂടി ചെയ്തതോടെ ഇത് ഹെഡിന്റെ ദിനമാണെന്ന തോന്നലുയർന്നു.
പാണ്ഡ്യയുടെ പന്ത് ബാക്ക്‌വാഡ് പോയിന്റിലേക്ക് തട്ടിയിട്ട് റണ്ണിനായി ചാടിയിറങ്ങിയ ഹെഡ് ക്രീസിലെത്തുന്നതിനു മുൻപേ പന്ത് പിടിച്ചെടുത്ത രവീന്ദ്ര ജഡേജ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് ലക്ഷ്യമിട്ടതാണ്. പക്ഷേ, ജഡേജയുടെ നേരിട്ടുള്ള ത്രോ ഇഞ്ചുകളുടെ വ്യത്യാസത്തിൽ സ്റ്റംപിൽനിന്ന് അകന്നുപോകുമ്പോൾ ക്രീസിന് തൊട്ടു വെളിയിലായിരുന്നു പന്ത്.
പിന്നീട് വന്ന ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ ഹാട്രിക് ഫോറുകളുമായാണ് ഹെഡ് രണ്ടാമത്തെ ‘ലൈഫ്’ ആഘോഷിച്ചത്. പിന്നീട് ഏഴാം ഓവറിൽ പാണ്ഡ്യയ്‌ക്കെതിരെ വീണ്ടും ഫോറടിച്ച് ഹെഡ് റൺറേറ്റ് താഴേക്കു പോകാതെ കാത്തു. അടുത്ത ഓവറിൽ കുൽദീപ് യാദവിനെതിരെ ക്രീസ് വിട്ടിറങ്ങി നേടിയ സിക്സർ കൂടിയായതോടെ 32 പന്തിൽ 39 റൺസെന്ന നിലയിലായി ഹെഡ്. ഇതിനു പിന്നാലെയാണ് ഒൻപതാം പന്തിലെ രണ്ടാം പന്തിൽ ചക്രവർത്തിക്കു മുന്നിൽ ഹെഡ്ഡ് അടിയറവ് പറഞ്ഞത്. ഓസ്ട്രേലിയയിപ്പോൾ 21 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണ്. ഹെഡിനെ കൂടാതെ 9 ബോളിൽ റൺസൊന്നുമെടുക്കാതെ കൂപ്പർ കോണോലിയാണ് പുറത്തായ മറ്റൊരാൾ. ഷമിയെറിഞ്ഞ ബോളിൽ കെഎൽ രാഹുൽ പുറത്താക്കുകയായിരുന്നു കൂപ്പറിനെ.