കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലാവുകയും കൂടെയുണ്ടായിരുന്ന മുത്തശ്ശിയുടെ ജീവനെടുക്കുകയും ചെയ്ത വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പോലീസ് സംഘത്തിന് ഇയാളെ കൈമാറും.
2024 ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി പത്തു മണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുത്തശ്ശി ബേബി തൽക്ഷണം മരിച്ചു. മുണ്ടയാട് എൽപി സ്കൂളിൽ അഞ്ചാം തരം വിദ്യാർഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരുക്കേറ്റു.
അപകടത്തിൽ ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് 9 വയസുകാരി ദൃഷാന ഇപ്പോഴും. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തിയത് അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജിൽ എന്നയാൾ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാർച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നു.
ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൻറെ ഭാഗമായി 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചു.
അതേസമയം ഷെജിലിനെതിരെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിനും പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30000 രൂപ തട്ടിയെടുത്തത്.