തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണം അടിച്ചുമാറ്റിയെന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഇത് കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ചിരിക്കുന്ന ഒരു വിഷയമാണ്. ശബരിമലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വളരെ കൃത്യമാണ്. കിലോക്കണക്കിന് സ്വര്‍ണം അവിടെനിന്ന് അടിച്ചുമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത് കൊണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയുടെ കൃത്യമായ നിരീക്ഷണത്തില്‍ മാത്രമേ ഇവിടെ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ പാടുള്ളൂ. സ്വര്‍ണം പൂശണമെങ്കില്‍ ആ അമ്പലത്തിന്റെ പരിസരത്ത് വെച്ച് തന്നെ പൂശണം, ഇത് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല.
പൂശിയിരിക്കുന്ന ചെമ്പില്‍ നിന്നും സ്വര്‍ണം പ്രത്യേകം എടുത്തുമാറ്റാന്‍ പറ്റാവുന്ന സാങ്കേതിക പ്രക്രിയയിലൂടെയാണ് ഇത് പൂശല്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണം ആവശ്യമുള്ളപ്പോള്‍ അടിച്ചു മാറ്റാന്‍ വേണ്ടിത്തന്നെ പ്ലാന്‍ ചെയ്തിട്ടാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ശബരിമലയില്‍ നിന്ന് ഈ കാലയളവിനിടയില്‍ എന്തെല്ലാം അടിച്ചുമാറ്റിയിട്ടുണ്ട് എന്ന് പ്രത്യേകമായ പരിശോധന നടത്തേണ്ട സമയമാണിത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നടപടിക്രമങ്ങളെക്കുറിച്ചാണ്, അതല്ല സ്വര്‍ണം അടിച്ചുമാറ്റിയതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്.
ശബരിമലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് അധികാരികളും സര്‍ക്കാരും എല്ലാം അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഭരണാധികാരികളും സ്വര്‍ണം പോയിട്ടുണ്ട് എന്നറിഞ്ഞിട്ടും അതിന് കൂട്ടുനില്‍ക്കുകയും കുടപിടിക്ക് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ഇദ്ദേഹത്തിന്റെ പശ്ചാത്തലം എന്താണ്? ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ഇടനിലക്കാരനാണ്. സ്‌പോണ്‍സര്‍ഷിപ്പ് ചോദിച്ചുകൊണ്ട് വ്യാപകമായ പിരിവാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.