ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് രണ്ടാമത് മേഘവിസ്ഫോടനം ഉണ്ടായത്. മലമുകളിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. എന്നാൽ ഇവിടം ജനവാസ മേഖലയല്ലാത്തതിനാൽ തന്നെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ധരാലി ഗ്രാമത്തിൽ നാലു പേർ മരിച്ചു. 50 പേരെ കാണാനില്ല. മണ്ണിനും ചെളിക്കുമടിയിൽ കൂടുതൽപേർ പെട്ടിട്ടുണ്ടെന്ന ആശങ്കയിലാണ് ഏവരും. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉച്ചകഴിഞ്ഞ് 1.45 നുണ്ടായ മേഘവിസ്ഫോടനത്തിൽ മലയിൽനിന്നു കുത്തിയൊഴുകിവന്ന ജലപ്രളയത്തിൽ ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപെട്ടു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തിൽ പെട്ട കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഏകദേശം 50 ഓളം ഹോട്ടലുകൾ ഇവിടെ പ്രവർത്തിച്ചിരുന്നതായാണ് വിവരം.
അതേസമയംഖീർഗംഗ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്നു പ്രളയമുണ്ടായി. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇന്തോ–ടിബറ്റൻ ബോർഡർ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങളും കരസേനയും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യവും എത്തിയിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടെന്നു സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തരാഖണ്ഡ് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട ഹെൽപ് ലൈൻ നമ്പറുകൾ∙
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ, ഹരിദ്വാർ
01374-222722, 7310913129, 7500737269
∙സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ, ഡെറാഡൂൺ
0135-2710334, 2710335, 8218867005, 9058441404
Toll-Free No. 1070
Cloudburst and flash flood in Uttarakhand.
– Praying for everyone’s safety! 🙏❤️pic.twitter.com/OfnSoYL5XA
— Mufaddal Vohra (@mufaddal_vohra) August 5, 2025