ഓൺലൈൻ വഴി പരിചയപ്പെട്ട 19 കാരനായ കാമുകനെ തേടി അമേരിക്കയിൽ നിന്നെത്തിയ യുവതി കാമുകനും കുടുംബവും ഒളിച്ചോടിയതിനെ തുടർന്ന് പെരുവഴിയിലായി. ന്യൂയോർക്ക് സ്വദേശിനിയായ 33 കാരി ഓൺലൈനിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻകാരനായ കാമുകനെ കാണാനും വിവാഹം കഴിക്കാനുമാണ് ഇവിടെയെത്തിയത്. എന്നാൽ യുവാവിന്റെ മാതാപിതാക്കൾ ഈ ബന്ധം നിഷേധിക്കുകയും കുടുംബത്തോടെ നാടുവിടുകയുമായിരുന്നു. ഇതോടെ യുവതി പാക് സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം ഡോളറാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂയോർക്ക്കാരിയായ ഒനിജ ആൻഡ്രൂ റോബിൻസൺ എന്ന യുവതിയാണ് തന്റെ 19കാരനായ കാമുകൻ നിദാൽ അഹമ്മദ് മേമനെ തേടി കറാച്ചിയിൽ എത്തിയതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവാണ് ഇവർ. നിദാലിന്റെ മാതാപിതാക്കൾ ബന്ധം നിഷേധിച്ചതോടെയാണ് ഒനിജ പ്രതിസന്ധിയിലായത്. തിരിച്ച് പോകാൻ തയ്യാറാകാതെ ഒനിജ നിദാലിന്റെ വീടിന് മുൻപിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. എന്നാൽ വൈകാതെ നിദാലിന്റെ കുടുംബം വീട് പൂട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു. നിലവിൽ യുവതിയുടെ വിസ കാലാവധിയും അവസാനിച്ചിരിക്കുകയാണ്.
പാകിസ്താനി യൂട്യൂബറായ സഫർ അബ്ബാസാണ് യുവതിയുടെ അവസ്ഥ രാജ്യത്തെ അറിയിച്ചത്. ഇതോടെ സിന്ധ് ഗവർണറായ കമ്രാൻ ഖാൻ ടെസോറി വിഷയം അറിയുകയും ഇവർക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് വാദ്ഗാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് സമ്മതിക്കാതെ യുവതി വാർത്താസമ്മേളനം വിളിച്ച് തന്റെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താൻ പൗരത്വം വേണമെന്നും നിദാലിന്റെ കുടുംബം ആഴ്ചയിൽ 3000 ഡോളർ നൽകണമെന്നുമായിരുന്നു യുവതിയുടെ ഒരു ആവശ്യം. പാകിസ്താൻ സർക്കാർ 100,000 ഡോളർ നൽകണമെന്നും ഇവർ പിന്നീട് ആവശ്യപ്പെട്ടു.
എന്നാൽ യുവതി മാനസിക രോഗിയാണെന്ന് ഇവരുടെ മകൻ ജെർമിയാഹ് റോബിൻസൺ മാധ്യമങ്ങളോട് പറഞ്ഞു. ബൈപോളാർ രോഗബാധിതയായ ഇവരെ തിരിച്ചുകൊണ്ടുവരാൻ കുടുംബം ശ്രമിച്ചെങ്കിലും വരാൻ തയ്യാറായില്ലെന്നും മകൻ പറഞ്ഞു. മകന്റെ വെളിപ്പെടുത്തൽ വന്നതോടെ അധികൃതർ ഇടപെട്ട് ഇവരെ കറാച്ചിയിലെ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം വൈകാതെ അമേരിക്കയിലേക്ക് മടങ്ങുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.