വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർന്നെന്ന പ്രചാരണത്തിനു പിന്നിൽ ചൈനയാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ യുഎസ് കോൺഗ്രസിനു സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ചൈന ഇന്ത്യയ്ക്കെതിരെ ക്യാംപെയിൻ ആരംഭിച്ചിരുന്നുവെന്ന് പറയുന്നത്. ചൈനയുടെ യുദ്ധവിമാനമായ ജെ–35ന്റെ പ്രചാരണത്തിനായാണ് ഇങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
‘‘ഇന്ത്യ–പാക്ക് സംഘർഷമുണ്ടായതിനു പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന സമൂഹ മാധ്യമങ്ങളിൽ ക്യാംപയിൻ ആരംഭിച്ചു. ജെ–35 വിമാനങ്ങളുടെ പ്രചാരണത്തിനായാണ് ഇത്തരത്തിൽ തെറ്റായ വിവരം പ്രചരിപ്പിച്ചത്. ചൈനീസ് ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വിമാനങ്ങളെ തകർത്തതായി നിർമിത ബുദ്ധി (എഐ) ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തി’’–റിപ്പോർട്ടിൽ പറയുന്നു.
അതേസമയം റഫാലിനെതിരെ ചിലർ മനഃപൂർവം തെറ്റായ പ്രചാരണം അഴിച്ചു വിടുന്നതായി ഫ്രാൻസും നേരത്തെ വ്യക്തമാക്കിയിരുന്നു. റഫാലിന്റെ വിപണി സാധ്യതകളെ ഇല്ലാതാക്കാനായിരുന്നു ചൈനീസ് നീക്കം. ചൈനീസ് ആയുധങ്ങളുടെയും വിമാനങ്ങളുടെയും വിൽപ്പന വർധിപ്പിക്കലായിരുന്നു പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്.
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര, വ്യോമ താവളങ്ങൾ ആക്രമിച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ തകർത്തതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ഇതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.



















































