ലക്നൗ: ചുമ്മാ ഫോൺ സ്ക്രോൾ ചെയ്തുപോയതാ പുതിയൊരു പെണ്ണിനൊപ്പം ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിന്റെ വീഡിയോ. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. ഷീലുവെന്ന യുവതിയുമായി 2017ൽ വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. തുടർന്നു ഷീലുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതായി.
ഇതിനിടെ ജിതേന്ദ്രയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഷീലുവിന്റെ കുടുംബം ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്നാണ് പിതാവും ബന്ധുക്കളും ആരോപിച്ചത്. വർഷങ്ങൾക്കുശേഷം, ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവും മറ്റൊരു യുവതിയുമായുള്ള വീഡിയോ ഷീലു കാണുന്നത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം അന്നു ലുധിയാനയിലേക്ക് പോയ ജിതേന്ദ്ര അവിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരവും തട്ടിപ്പിനും പോലീസ് കേസെടുത്തു.