മെയിൻപുരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 26-കാരനായ യുവാവ് പിടിയിൽ. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.
നാലു കുട്ടികളുടെ അമ്മയായ 52 കാരി പ്രായം കുറച്ച് കാണിക്കാൻ ഇൻസ്റ്റഗ്രാമിൽ ഫിൽട്ടർ ഉപയോഗിച്ച് തന്നെ പറ്റിക്കുകയായിരുന്നുവെന്നും പിന്നീടാണ് ചതി മനസിലായതെന്നും യുവാവ് പറഞ്ഞു.
അതേസമയം ഓഗസ്റ്റ് 11-നാണ് മെയിൻപുരിയിലെ കർപ്പാരി ഗ്രാമത്തിൽ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ കാണാതായവരെ സംബന്ധിച്ച് എവിടെയെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിൽനിന്നും വിവരങ്ങൾതേടി. അന്വേഷണത്തിനൊടുവിൽ, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും തിരിച്ചറിഞ്ഞു. പ്രതിയായ അരുൺ രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്റ്റാഗ്രാമിലൂടെ 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വർഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും യുവാവ് പോലീസിനോട് പറഞ്ഞതായി മെയിൻപുരി എസ്പി അരുൺകുമാർ സിങ് പറഞ്ഞു. ഇൻസ്റ്റയിലെ പരിചയത്തിന് ശേഷം രണ്ട് മാസം മുൻപാണ് ഇരുവരും ഫോൺ നമ്പറുകൾ കൈമാറിയത്. തുടർന്ന് ഫോണിലൂടെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ ഇരുവരും പലതവണ നേരിൽ കാണുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11-ന് സ്ത്രീ രജ്പുതിനെ കാണുന്നതിനായി ഫറൂഖാബാദിൽ നിന്ന് മെയിൻപുരിയിലേക്ക് എത്തി.
പിന്നീട് കുറച്ചുകാലമായി ഇവർ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും അന്നും ആ വിഷയം സംസാരിച്ചുവെന്നും അരുൺ രജ്പുത് പറഞ്ഞു. ഇതിനിടെ 52-കാരി അരുണിന് ഏകദേശം 1.5 ലക്ഷം രൂപ കടമായി നൽകിയിരുന്നു, ആ പണം തിരികെ നൽകാനും ആവശ്യപ്പെട്ടു.
വിവാഹ ആവശ്യവും വാങ്ങിയ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ സ്ത്രീയുമായി തർക്കത്തിലേർപ്പെടുകയും അവർ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
തുടർന്നു സിം കാർഡ് ഉപേക്ഷിച്ച ശേഷം യുവാവ് ഈ സ്ത്രീയുടെ ഫോൺ കൈക്കലാക്കുകയും ചെയ്തു. ‘ഞങ്ങൾ ഫോണുകൾ കണ്ടെടുക്കുകയും ഇരുവരും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ പരിശോധിക്കുകയും ചെയ്തു. യുവതിയുടെ കൊലപാതകത്തിന് രജ്പുതിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്’ പോലീസ് പറഞ്ഞു.
അതേസമയം കൊലപാതകത്തിൽ സ്ത്രീയുടെ പ്രായത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് മെയിൻപുരി എസ്പി ഇങ്ങനെ മറുപടി നൽകി, ‘പ്രായം കുറച്ച് കാണിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ ഫിൽട്ടർ ഉപയോഗിച്ചിരുന്നതായി പ്രതി പറഞ്ഞിട്ടുണ്ട്. ആദ്യമായി നേരിൽ കണ്ടപ്പോഴാണ് അവളുടെ യഥാർത്ഥ പ്രായം അയാൾ മനസിലാക്കിയത്. അവർ വിവാഹിതയും കുട്ടികളുടെ അമ്മയുമായിരുന്നു. ഈ കാരണങ്ങൾകൊണ്ടാണ് അവളെ വിവാഹം കഴിക്കാൻ അയാൾ തയ്യാറാകാതിരുന്നത്’- പോലീസ് പറഞ്ഞു.