ചെന്നൈ: വിവാഹം കഴിഞ്ഞ നവദമ്പതികൾ എത്രയും വേഗം കുട്ടികൾക്കു ജന്മം നൽകണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇക്കാര്യം നേരത്തേ പൊതുവേദിയിവ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു മകൻ ഉദയനിധിയും സമാന പരാമർശം നടത്തിയത്. ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ഉദയനിധിയുടെ പരാമർശം. ‘‘വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ എത്രയും വേഗം കുഞ്ഞിനെക്കുറിച്ചു ചിന്തിക്കണമെന്ന് അഭ്യർഥിക്കുന്നു. കുട്ടികൾക്കു തമിഴ് പേരുകളിടണം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനമാണു നമ്മുടേത്. അതിന്റെ പ്രശ്നങ്ങളാണു നേരിടുന്നത്. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ 8 സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു നൂറോളം സീറ്റുകൾ ലഭിക്കും’’– ഉദയനിധി പറഞ്ഞു.
അതേസമയം നാഗപട്ടണത്തു ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ മുഖ്യമന്തി സ്റ്റാലിനും ഇതുപോലെ പറഞ്ഞിരുന്നു. ‘‘മുൻപൊക്കെ സമയമെടുത്തു കുടുംബാസൂത്രണം നടത്താനാണു ദമ്പതികളോടു പറഞ്ഞിരുന്നത്. ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർനിർണയ നയങ്ങൾ അനുസരിച്ച് അങ്ങനെ പറയാനാവില്ല. ജനസംഖ്യാനിയന്ത്രണം വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥയായത്. അതിനാൽ കുട്ടികൾ വൈകേണ്ട’’– എന്നാണു നവദമ്പതികളോട് സ്റ്റാലിൻ പറഞ്ഞത്. മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകി.