തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാൾ വലിയ വിജയമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എംഎം ഹസ്സൻ. കേരള സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. 2020 തെരഞ്ഞെടുപ്പുകളെടുത്തുനോക്കായാൽ എല്ലായിടത്തും എൽഡിഎഫിന്റെ വിജയമായിരുന്നു കാണാൻ സാധിച്ചത്. ഇപ്പോൾ അങ്ങനെയല്ല.
എവിടെയാണ് എൽഡിഎഫിന് പിഴച്ചതെന്ന് അവർ ആത്മപരിശോധന നടത്താൻ പറ്റിയ അവസരമാണിത്. ശബരിമല പ്രശ്നത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രതികരണങ്ങൾ എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. യുഡിഎഫുകാരെല്ലാം സ്ത്രീ സമ്പടന്മാരാണെന്നു മുഖ്യമന്ത്രി പറഞ്ഞു, സ്ത്രീലംബടന്മാരേയും ലൈംഗിക അപവാദ കേസുകളെ പ്രതികളേയും സ്വന്തം ചിറകിനടിയിൽ ഒളിപ്പിച്ചിരുത്തിയ മുഖ്യമന്ത്രിയുടെ ആ പരാമർശം പൊതു സമൂഹം അംഗീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണിത്. ഈ വിജയത്തിൽ അതിരു കടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും എംഎം ഹസൻ പറഞ്ഞു.
തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാര നന്നായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ വാസ്തവത്തിൽ വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്. അതിന്റെ തുടക്കമാണ് ബിജെപിയുടെ ഭരണം ഉണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.



















































