ദുബായ്: രാജ്യത്തെ സ്കൂള്‍ കുട്ടികളിലേക്ക് യൂബര്‍ സേവനം വിപുലീകരിച്ചു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി കരാറിലായി. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര പ്രദാനം ചെയ്യും. ഇതിന്‍റെ ഭാഗമായി കുട്ടികള്‍ക്കായി സ്റ്റുഡന്‍റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. യൂബര്‍ സ്‌കൂള്‍ എന്ന പുതിയ സേവനത്തില്‍ എട്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പോകുന്നതിന് യൂബര്‍ ലഭിക്കുക.
നിലവില്‍ യൂബര്‍ നടപ്പാക്കുന്ന ടീന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ളതാണ് പുതിയ സേവനം. നിലവിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കുകളേക്കാള്‍ 35 ശതമാനം കുറഞ്ഞ നിരക്കുകളാണ് സ്ഥിരം ഉപയോക്താക്കള്‍ക്ക് കമ്പനി ഓഫര്‍ ചെയ്യുന്നത്. 10 ട്രിപ്പുകള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. റിയല്‍ ടൈം ട്രിപ്പ് ട്രാക്കിങ് സംവിധാനത്തിലൂടെ കുട്ടികള്‍ എവിടെയെത്തിയെന്ന് അറിയാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ഓഫീസിലിരുന്ന് കുട്ടികളുടെ യാത്രകള്‍ അറിയാനാകും.