തളിപ്പറമ്പ്: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടുപേർക്ക് 20 തടവുശിക്ഷ. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ. നിഷാദ് (35), അന്നൂരിലെ ടി.സി.വി. നന്ദകുമാർ (35) എന്നിവർക്കെതിരേയാണ് 20 തടവും 2.5 ലക്ഷം രൂപ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ഈ ശിക്ഷ. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.
കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ വെള്ളൂർ ആറാംവയലിലെ എ. മിഥുൻ (36), ആലിൻകീഴിൽ കുനിയേരിയിലെ കെ.വി. കൃപേഷ് (38) എന്നിവരെ വെറുതേ വിട്ടിരുന്നു. അതേസമയം പ്രതികളുടെ മുൻകാല ചരിത്രം കൂടി പരിഗണിച്ച ശേഷമാണ് വിധി പറഞ്ഞത്. കേസിൽ നന്ദകുമാറിനെതിരെ രണ്ട് കൊലപാതകമടക്കം 19 കേസുകളാണുള്ളത്.
പയ്യന്നൂർ നഗരസഭയിൽ മൊട്ടമ്മൽ വാർഡിൽനിന്നാണ് വികെ നിഷാദ് മത്സരിക്കുന്നത്. പത്രിക നൽകിയതിനു ശേഷം വിധി വന്നതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ്. അതേസമയം ഇവിടെ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റിയംഗം എം. ഹരീന്ദ്രൻ പത്രിക പിൻവലിച്ചിട്ടില്ല. നിഷാദിന് മത്സരിക്കാൻ തടസമുണ്ടായാൽ സ്ഥാനാർഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഇന്നലെയായിരുന്നു ഡമ്മി സ്ഥാനാർഥിയെ പിൻവലിക്കേണ്ടത്.
പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പോലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.



















































