മൂന്നാർ: ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങിയ രണ്ട് കെഎസ്ആർടിസി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മൂന്നാർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ വി.വി. മനോജ്, ബജറ്റ് ടൂറിസം സെന്‍ററിലെ ജീവനക്കാരൻ കെ.എൻ. മനോജ് എന്നിവരെയാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി. സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് നിന്നെത്തിയ മൂന്നംഗ വിജിലൻസ് സംഘം മൂന്നാര്‍ ഡിപ്പോയിൽ പരിശോധന നടത്തിയത്. പരിശോധനയില്‍ ഇവരെ കിടന്നുറങ്ങുന്നതായി കാണുകയായിരുന്നു.
രാത്രിയിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകുക, ഫോൺ വിളിക്കുന്നവർക്ക് മറുപടി നൽകുക തുടങ്ങിയ ജോലി ചെയ്യേണ്ട സ്റ്റേഷൻ മാസ്റ്ററാണ് കിടന്നുറങ്ങുന്നതായി കണ്ടെത്തിയത്.
അന്നേദിവസം നടത്തിയ മറ്റൊരു പരിശോധനയിൽ എട്ട് യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ കണ്ടക്ടർ പണം വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. രാത്രി മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസിലാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഇയാൾക്കെതിരെയുള്ള നടപടി ഉടനുണ്ടാകും.