കൊല്ലം: ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ രണ്ടു മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിനിയുടെ കൈ അടിച്ച് തകർത്ത് അധ്യാപകൻ. ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം ഇട്ട കണക്കു പരീക്ഷയ്ക്ക് ഫുൾമാർക്ക് വാങ്ങാത്തതിനാണ് വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ചത്. കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. കണക്ക് പരീക്ഷയ്ക്ക് 40ൽ 38 മാർക്ക് വാങ്ങിയ കുട്ടിക്ക് രണ്ടുമാർക്ക് കുറഞ്ഞതിനായിരുന്നു മർദ്ദനം.
അതേസമയം അധ്യാപകന്റെ മർദനത്തിൽ വിരലുകൾക്ക് പൊട്ടലേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർക്ക് കുറഞ്ഞതിന് മറ്റു നിരവധി കുട്ടികൾക്കും മർദ്ദനമേറ്റു. അതേസമയം പഠിപ്പിച്ച കണക്ക് ബോധപൂർവ്വം കുട്ടി തെറ്റിച്ചതിനാണ് മർദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകൻ രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ ട്യൂഷൻ സെന്റർ തല്ലി തകർത്തു. വിഷയം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. ട്യൂഷൻ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരനായ അധ്യാപകൻ ചട്ടവിരുദ്ധമായാണ് ട്യൂഷൻ സെന്റർ നടത്തുന്നതെന്നും പരാതി ഉയരുന്നുണ്ട്.




















































