വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ താൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളുമെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു.
ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ- ‘സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാം. എന്നാൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകും’’.
അതേപോലെഇന്ത്യ യുഎസിന് ഒരു കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ‘‘ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. കരാർ പ്രകാരം അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ട്. ടിം, ഞങ്ങൾ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. വർഷങ്ങളായി നിങ്ങൾ ചൈനയിലെ പ്ലാന്റുകളിൽ നിർമാണം നടത്തുകയാണ്. അത് ഞങ്ങൾ സഹിച്ചു. നിങ്ങൾ ഇനി ഇന്ത്യയിലാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെങ്കിൽ ഞങ്ങൾക്ക് അതിൽ താൽപ്പര്യമില്ല.’’
കൂടാതെ ഐഫോണുകളും മാക്ബുക്കുകളും നിർമിക്കുന്ന ആപ്പിളിന്റെ ഉത്പാദനം യുഎസിൽ വിപുലീകരിക്കാൻ താൻ ഒരുങ്ങുകയാണെന്നും ട്രംപ് പറയുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയിൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ് സിഇഒ ടിം കുക്കിന് ലഭിച്ചിരിക്കുന്നത്. ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലുമാണ്. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റാ ഗ്രൂപ്പുമാണ് നടത്തുന്നത്. ഇന്ത്യയിൽ രണ്ട് ആപ്പിൾ പ്ലാന്റുകളുടെ നിർമാണം കൂടി പുരോഗമിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ആപ്പിൾ കമ്പനി ഇന്ത്യയിൽ 22 ബില്യൺ ഡോളറിന്റെ ഐഫോണുകൾ നിർമിച്ചതായാണു റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 60 ശതമാനത്തിന്റെ വർധനവാണ് ഇത്.