വാഷിങ്ടൺ: മറീനുകളെയും മറ്റ് സൈനികരെയും താൻ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതെ ഇന്നും മനോഹരമായി നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ ലോസ് ആഞ്ജലീസിൽ ആരംഭിച്ച പ്രതിഷേധം ദിവസങ്ങൾക്കിപ്പുറവും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഞാൻ സൈന്യത്തെ ലോസ് ആഞ്ജലീസിലേക്ക് അയക്കാതിരുന്നുവെങ്കിൽ ഒരിക്കൽ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമർന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോസ് ആഞ്ജലീസ് തെരുവുകളിലെ നിലവിലെ സംഘർഷം ഉയർത്തുന്ന ഭീഷണി, കുറച്ചുമാസം മുൻപ് നഗരത്തെ ബാധിച്ച വൻ തീപ്പിടിത്തത്തിന് സമാനമാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കുടിയേറ്റനയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് സൈനികരെയാണ് ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാർട്ടി രൂക്ഷമായ വിമർശനം ഉയർത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലീസിലൊട്ടാകെ കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിൻ അമേരിക്കൻ വംശജർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതൽ വ്യാപക പ്രതിഷേധം ആരംഭിച്ചത്. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നായിരുന്നു കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ പ്രതികരണം.

















































