വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ശ്രമമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലെവിറ്റ്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന കാരണം പറഞ്ഞായിരുന്നു ട്രംപ് ഇന്ത്യയ്ക്കു മേൽ നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവയ്ക്കു പുറമേ അധികമായി 25 ശതമാനം കൂടി ചുമത്തിയത്. എന്നാൽ ഇതു റഷ്യയെ നിലയ്ക്കു നിർത്താനുള്ള ട്രംപിന്റെ തന്ത്രമാരുന്നെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
ഇന്ത്യയ്ക്ക് മേൽ ഇരട്ടത്തീരുവ ചുമത്തി റഷ്യയ്ക്കു മേൽ സമ്മർദ്ദം ചെലുത്താനായിരുന്നു ട്രംപ് ഉദ്ദേശിച്ചതെന്ന് കാരോലിൻ ലെവിറ്റ് വാർത്തസമ്മേളനത്തിനിടെ പറഞ്ഞു. യുക്രെയ്ൻ– റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് വലിയതോതിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യയ്ക്കുമേൽ നികുതി ചുമത്തിയതുപോലുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഈ യുദ്ധം അവസാനിച്ചുകാണണമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും ലെവിറ്റ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുമായി ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന കരാർ സംബന്ധിച്ച ചർച്ചയ്‌ക്കായി റഷ്യ– യുക്രെയ്‌ൻ– യുഎസ് ത്രികക്ഷി സമ്മേളനത്തിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാക്കാൻ യുഎസ് ആലോചിക്കുന്നതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.