ആങ്കറേജ് (അലാസ്‌ക): യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച അന്ത്യമായി. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടച്ചിട്ടമുറിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരും വാര്‍ത്താ സമ്മേളനം വിളിച്ചുചേർത്തത്.
ചർച്ച അന്തിമ കരാറിലേക്ക് എത്താനായിട്ടില്ലെന്നും എന്നാല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്നും അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കിയാണ് വാർത്താസമ്മേളനം അവസാനിച്ചത്.
അതേസമയം ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ, യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.
തങ്ങൾ തികച്ചും പരസ്പര ബഹുമാനത്തോടെയുള്ള അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ഇരു നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയിലെ വിശദാംശങ്ങളിലേക്ക് ഇരുവരും കടന്നില്ല. സാധാരണഗതിയില്‍ രാജ്യത്തിനകത്ത് വെച്ച് വിദേശ ഭരണാധികാരികളോടൊപ്പം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ആദ്യം സംസാരിച്ച് തുടങ്ങുന്നതാണ് പൊതുവായരീതി. എന്നാല്‍ ഇത്തവണ പുടിനാണ് ആദ്യം സംസാരിച്ച് തുടങ്ങിയതെന്നതും കൗതുകമായി. അലാസ്‌കയിലെ സോവിയറ്റ് സൈനികരുടെ കുഴിമാടങ്ങളില്‍ റീത്ത് സമര്‍പ്പിച്ച ശേഷമാണ് പുടിന്‍ തന്റെ വിമാനത്തിലേക്ക് മടങ്ങിയത്.
ചര്‍ച്ചയില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വിദേശ സെക്രട്ടറി മാര്‍ക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പുതിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവും പങ്കെടുത്തു. ഉപദേശകരില്ലാതെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കാണുന്നത്.
അതേസമയം നേരത്തെ അലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്- റിച്ചാര്‍ഡ്‌സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ ‘ബീസ്റ്റ്’ കാറില്‍ കയറിയാണ് പുതിന്‍ ചര്‍ച്ചാ വേദിയിലേക്ക് പോയത്.
കനത്തസുരക്ഷാവലയത്തിലാണ് ട്രംപ്-പുടിന്‍ ഉച്ചകോടി നടന്നത്. ചര്‍ച്ചനടക്കുന്ന മുറിക്കുപുറത്ത് തുല്യഎണ്ണം യുഎസ്-റഷ്യന്‍ സുരക്ഷാ ഏജന്റുമാര്‍ നിലയുറപ്പിച്ചിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനവാതില്‍ തുറന്നേക്കുമെന്ന പ്രത്യാശയോടെ പുറപ്പെടുംമുന്‍പ് ‘ഏറെ നിര്‍ണായകം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിച്ചിരുന്നു. ചര്‍ച്ച അനുകൂലമല്ലാതിരിക്കാനുള്ള സാധ്യത 25 ശതമാനമേയുള്ളൂവെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
പഴയസോവിയറ്റ് യൂണിയനെ അനുസ്മരിപ്പിച്ചുകൊണ്ട് ‘യുഎസ്എസ്ആര്‍’ എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവ് അലാസ്‌കയിലെത്തിയത്. 1922 മുതല്‍ 1991 വരെ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രൈന്‍. റഷ്യന്‍ സാമ്രാജ്യം വിപുലീകരിക്കുകയെന്ന പുതിന്റെ ‘ഗ്രേറ്റര്‍ റഷ്യ’ അജന്‍ഡയുമായി ചേര്‍ത്തുവായിക്കേണ്ട പ്രകോപനപരമായ സൂചനയാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാന്‍ ഊര്‍ജസ്വലമായ ശ്രമമാണ് നടത്തുന്നതെന്നു പറഞ്ഞ് പുതിന്‍ ബുധനാഴ്ച ട്രംപിനെ പുകഴ്ത്തിയിരുന്നു. യുക്രൈന്റെ നാറ്റോ പ്രവേശനശ്രമങ്ങളില്‍ പ്രകോപിതരായി 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശമാരംഭിച്ചത്.