മലപ്പുറം: ഭാര്യയെ ഫോണിൽ മുത്തലാഖ് ചൊല്ലിയതായി പരാതി. രണ്ടുവര്‍ഷംമുന്‍പ് വിവാഹിതയായ യുവതിയെയാണ് കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി ഫോണില്‍ വിളിച്ച് ബന്ധം വേര്‍പ്പെടുത്തിയതായി അറിയിച്ചത്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വീരാന്‍കുട്ടിയുടെ മാതാവാണ് സ്വര്‍ണമെല്ലാം സൂക്ഷിച്ചിരുന്നത്.
യുവതിയുടെ പിതാവിനോട് സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നത്. മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച വീരാന്‍കുട്ടി, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ഊരിവാങ്ങി. ആശുപത്രിയില്‍വെച്ചാണ് മഹര്‍ ഊരിയെടുത്തതെന്നും യുവതി പറയുന്നു.
യുവതിയെ മുത്തലാഖ് ചൊല്ലുമെന്ന് രണ്ട് മാസം മുന്‍പ് വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ അറിയിച്ചിരുന്നു. 40 ദിവസം മാത്രമേ യുവതി ഭര്‍തൃവീട്ടില്‍ നിന്നിട്ടുള്ളൂ. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും യുവതി അന്ന് ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും ഭര്‍ത്താവ് അന്വേഷിച്ചിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.