കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതിതേടി ഹൈക്കോടതിയെ സമീപിച്ച് ട്രാൻസ്‌ജെൻഡർ പുരുഷൻ. ട്രാൻസ്ജെൻഡർമാർക്ക് കൃത്രിമഗർഭധാരണത്തിന് അനുമതി നിഷേധിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയമത്തിലെയും ചട്ടത്തിലെയും വ്യവസ്ഥകൾ റദ്ദാക്കണമെന്നാണ് തിരുവനന്തപുരം സ്വദേശിയായ 28-കാരൻ ആവശ്യപ്പെടുന്നത്.
ജന്മനാ സ്ത്രീയായിരുന്നു ഹർജിക്കാരൻ. എന്നാൽ, ട്രാൻസ്‌ജെൻഡർ പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ ഹോർമോൺ ചികിത്സയടക്കം നടത്തി. ലിംഗമാറ്റശസ്ത്രക്രിയ നടത്തിയിട്ടില്ല. ഇതിനിടയിൽ അണ്ഡം എടുത്ത് സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചു. നിയമം അനുവദിക്കാത്തതിനാൽ ആവശ്യം നിഷേധിച്ചു.
തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഫയൽചെയ്ത സത്യവാങ്മൂലത്തിൽ എആർടി ആക്ട് പ്രകാരം കുട്ടികളില്ലാത്ത ദമ്പതിമാർക്കും വിവാഹിതയല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് കൃത്രിമ ഗർഭധാരണം അനുവദിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി. അവിവാഹിതനായ പുരുഷനും ട്രാൻസ്‌ജെൻഡർമാർക്കും ഈ രീതിയിൽ സന്താനോത്‌പാദനത്തിന് അനുവാദം നൽകിയിട്ടില്ല. കുട്ടികളുടെ താത്‌പര്യം കണക്കിലെടുത്താണ് ഇങ്ങനെ പരിമിതപ്പെടുത്തിയത്.



















































