തിരുവനന്തപുരം: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാർഷികം. വി എസ് അച്യുതാനന്ദൻ – കെ വസുമതി ദമ്പതികൾക്ക് ഇന്ന് 58 -ാം വിവാഹ വാർഷികമാണ്. 1967 ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചായിരുന്നു വിവാഹം. 58 -ാം വിവാഹ വാർഷക ദിനത്തിൽ വി എസ് ആശുപത്രിയിലാണെന്നതാണ് ഏറെ സങ്കടകരമായ കാര്യം. വി എസിന്‍റെ വിവാഹ വാർഷിക ദിനത്തിൽ പ്രതീക്ഷയുടെ കുറിപ്പുമായി മകൻ വി എ അരുൺ കുമാർ രംഗത്തെത്തി. ‘പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…’ – എന്നായിരുന്നു അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
അരുൺ കുമാറിന്‍റെ കുറിപ്പ്
വർഷങ്ങൾ!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം..
പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…
വി എസിന്‍റെ ജീവിതവും വിവാഹവും
1923 ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഒരു ജനതയുടെ വികാരമായി മാറിയ ‘വി എസ്’ എന്ന രണ്ടക്ഷരത്തിലേക്ക് മാറിയത് കേരളത്തിന്‍റെ സമര പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. സാമൂഹിക വ്യവസ്ഥിതിയോട് സമരം പ്രഖ്യാപിക്കും മുമ്പ് സ്വന്തം ജീവിതത്തോടായിരുന്നു വി എസ് ആദ്യം പോരാടിയത്. അച്ഛനും അമ്മയും ചെറുബാല്യത്തില്‍ തന്നെ നഷ്ടമായ വി എസിന് പിന്നീടങ്ങോട്ട് ജീവിതം തന്നെ സമരമാക്കി മാറ്റേണ്ടിവന്നു. പത്താംതരം ജയിച്ച് പഠിച്ച് മിടുക്കനാകണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും വി എസ് ജീവിതസമരങ്ങളിലൂടെ കേരളജനതയുടെ ഹൃദയങ്ങളിലേക്ക് പഠിച്ച് മിടുക്കനായി കയറിപ്പറ്റി. പി കൃഷ്ണപിള്ളയുടെ കൈപിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ വി എസ് പിന്നീട് കൃഷ്ണപിള്ള കാട്ടിയ വഴിയേ നടന്നുകയറി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവായി ചെറുപ്പത്തിലേ മാറിയ വി എസിന് പക്ഷേ വിവാഹത്തോട് താൽപര്യമില്ലായിരുന്നു. ഒടുവിൽ എൻ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് 43 –ാം വയസ്സിൽ വി എസ് വിവാഹത്തിന് തയ്യാറായത്. അന്ന് വസുമതിക്ക് പ്രായം 29 ആയിരുന്നു. അത്യാഡംബരങ്ങളൊന്നുമില്ലാതെ 1967 ലെ ജൂലൈയിൽ അമ്പലപ്പുഴ എം എൽ എ, വസുമതിയുടെ കൈ പിടിച്ചു നടന്നു. പിറ്റേന്നു നേരംപുലർന്നതും മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി പുതുമണവാളൻ നിയമസഭാസമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടികയറിയതും പിന്നീടുള്ള ചരിത്രവും കേരളത്തിന് മനഃപാഠമാണ്. വി എസിന്‍റെ ജീവിതത്തിൽ പിന്നീടെന്നും വസുമതി വലിയ കരുത്തായിരുന്നു. രാഷ്ട്രീയതാൽപര്യമൊന്നുമില്ലാതെ, കേരളത്തിന്‍റെ പ്രിയ സഖാവിനെ സ്നേഹിച്ചും പരിചരിച്ചും വസുമതി ഒപ്പം നിന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ഹെഡ് നഴ്സായി വിരമിക്കും വരെയും ശേഷവും വി എസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ അണിയറയിലെ നിശബ്ദ സാക്ഷിയാണ് വസുമതി. സന്തോഷ സൂചകമായി ഒരു പായസത്തിനപ്പുറം വിവാഹ വാർഷികത്തിൽ വലിയ ആഘോഷങ്ങളൊന്നും ഇരുവർക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.
ആശുപത്രിയിൽ ചികിത്സ തുടരുന്നു
കഴിഞ്ഞ മാസം 23 നാണ് ശ്വാസ സംബന്ധമായ പ്രശ്നങ്ങളടക്കം മൂർച്ഛിച്ചതോടെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘം വി എസിന്റെ ആരോഗ്യ സ്ഥിതി ദിവസവും വിലയിരുത്തുന്നുണ്ട്. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദ്ദേശം.