തൃശൂർ: ചിലരങ്ങനെയാ ഐസുകട്ടയ്ക്ക് പെയിന്റടിക്കാനാ ഇഷ്ടം… അത്തരമൊരു സംഭവമാണ് തൃശൂരിൽ നടന്നത്. സംഭവം വേറൊന്നുമല്ല കോരിച്ചൊഴിയുന്ന മഴ പോലും വകവയ്ക്കാതെ ആത്മാർഥമായി റോഡിൽ ടാറിടുകയാണ് തൊഴിലാളികളും കരാറുകാരനും.
തൃശൂരിലാണ് കനത്ത മഴയ്ക്കിടെ പൊരിഞ്ഞ ടാറിങ്. മാരാർ റോഡിൽ കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. നാട്ടുകാർ രംഗത്തെത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എം.കെ. വർഗീസ് നിർദേശം നൽകുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ഒരു മനുഷ്യക്കുഞ്ഞിനെ പോലും കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകുകയും രാവിലെ മുതൽ കനത്ത മഴ തുടരുകയും ചെയ്യുന്നതിനിടെയാണ് ടാറിടാൻ മൊതലാളിയും തൊഴിലാളികളുമെത്തിയത്. ‘ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ’ എന്ന് പറഞ്ഞു നാട്ടുകാർ തൊഴിലാളികളെ ഓടിച്ചതോടെ കൊണ്ടുപിടിച്ച ജോലി ഉപേക്ഷിച്ച് തൊഴിലാളികളും പോയി.