കാക്കനാട്: ഫ്‌ളാറ്റ് സമുച്ചയത്തില്‍നിന്ന് ചാടി 15-കാരന്‍ മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികളേയും അധ്യാപകരേയും ന്യായീകരിച്ചുകൊണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍. മിഹിറിന്‌റെ ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ, റാഗിങ് നടന്നതായോ, അധ്യാപകരോ, സഹപാഠികളോ സമ്മതിച്ചിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ, മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതേവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
മാത്രമല്ല മിഹിര്‍ ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് റാഗിങ് നടന്നതായി കാണിച്ച് വിദ്യാര്‍ഥിയുടെ അമ്മ പരാതി നല്‍കിയത്. അതിന് മുമ്പ് ഇത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മിഹിറിന്റെ അമ്മ നല്‍കിയ പരാതി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസിന് കൈമാറിയിരുന്നു. പരാതി ലഭിച്ചശേഷം മിഹിറിന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തിരുന്നു.
മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരാമര്‍ശിക്കുന്ന പേരുകളും മിഹിറിന്റെ അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേവലം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പേര് പരാമര്‍ശിച്ചതുകൊണ്ടുമാത്രം അവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും അവര്‍ വിദ്യാര്‍ഥികളാണെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതേവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കാന്‍ പോലീസോ, പൊതുവിദ്യാഭ്യാസവകുപ്പോ നിര്‍ദേശിച്ചാല്‍ അതെടുക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എറണാകുളം കളക്ടറേറ്റില്‍ നടത്തിയ മൊഴിയെടുപ്പില്‍ മരിച്ച കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനോടും മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമിയോടും എന്‍ഒസി ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ സമര്‍പ്പിച്ചില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഇതിന് കുറച്ച് സമയംകൂടി അനുവദിക്കും. അതിനുശേഷം തുടര്‍നടപടിക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. സിബിഎസ്ഇ ആയാലും ഐസിഎസ്ഇ ആയാലും കേരളത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമാണ്. അത് ഒഴിവാക്കി സ്‌കൂള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ലെന്നും എസ് ഷാനവാസ് പറഞ്ഞു.
ജനുവരി 15-നാണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി മിഹിര്‍ (15) ജീവനൊടുക്കിയത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുയര്‍ന്നു. നീഗ്രോയെന്നു വിളിച്ചായിരുന്നു കുട്ടികള്‍ കളിയാക്കിയിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.