കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ 3 വയസ്സുകാരിയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിന്‌റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ചെങ്ങമനാട് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം കസ്റ്റഡിയിലെടുത്ത ബന്ധുവിന്‌റെ സ്റ്റേഷൻ പരിധി പുത്തൻകുരിശ് ആയതിനാൽ പോക്‌സോ കേസ് ചെങ്ങമനാട് പോലീസ് പുത്തൻകുരിശ് പോലീസിന് കൈമാറി. പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം അമ്മ സന്ധ്യയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് സന്ധ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് സന്ധ്യ പോലീസിന് നൽകുന്നത്.