ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയിലേക്കു നയിച്ചത് സ്വന്തം പാർട്ടിതന്നെയെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന കാബിനറ്റ് മന്ത്രിമാരും ചേർന്ന് ജഗ്ദീപ് ധൻകറിനെ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെക്കാൻ നിർബന്ധിതനാക്കുകയായിരുന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രംഗത്തെ. രാജിവെച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് ധൻകറിനെ കൂട്ടം ചേർന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും ബാനർജി പറയുന്നു.
അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കാബിനറ്റ് മന്ത്രിമാരും ചേർന്ന് ജഗ്ദീപ് ധൻകറിനെ രാജിവെക്കാൻ നിർബന്ധിതനാക്കി. രാത്രി ഒൻപതുമണിക്ക് മുൻപ് രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി. ഇത് പ്രധാനമന്ത്രിയുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദതന്ത്രമാണ്, വാർത്താ ഏജൻസിയായ എഎൻഐയോട് കല്യാൺ ബാനർജി പറഞ്ഞു. സമാന രീതിയിൽ കഴിഞ്ഞ ദിവസം എഡിടിവിയും റിപ്പോർട്ട് ചെയ്തിരുന്നു.
ആറു മാസം മുൻപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ധൻകർ പരിധി ലംഘിച്ചുവെന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധൻകർ അംഗീകരിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നിരു്നനു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഓഫിസിൽ മന്ത്രിമാർ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താൻ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്നാഥ് സിങ് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനായി പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടർന്ന് ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാർക്ക് പിന്നാലെ എൻഡിഎ ഘടകക്ഷിയിൽപ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു. എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാൻ പാടില്ലെന്നും അടുത്ത നാല് ദിവസം ഡൽഹിയിൽ തന്നെ തുടരാനും നേതൃത്വം നിർദേശം നൽകിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാർ അതിൽ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധൻകറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധൻകർ എക്സ് പേജിലൂടെ തന്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം നേരത്തെ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെച്ചിരുന്നു. തിങ്കളാഴ്ചയാണ് ജഗ്ദീപ് ധൻകർ, അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു രാജി. പിന്നാലെ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു.