പശുവിൻ പാല് കുടിക്കുന്ന രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ ബുദ്ധി ഭയങ്കരം തന്നെ….പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും… പുതിയ കണ്ടുപിടിത്തവുമായി ബാബരി മസ്ജിദ് തകർത്ത ദിനം ‘ശൗര്യ ദിവസ്’ആയി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട അതേ മദൻ ദിലാവർ
ജയ്പൂർ: നല്ല നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസന്മാരുമാക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രംഗഞ്ച് മണ്ഡിയിൽ നടന്ന ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം.
മദൻ ദിലാവർ നടത്തിയ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കുട്ടികളെ സജീവരാക്കണമെങ്കിൽ പശുവിന്റെ പാൽ നൽകണമെന്നും മന്ദത വരുത്തണമെങ്കിൽ എരുമയുടെ പാൽ നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
“പശുവിന്റെ കിടാവിന് പശുവിന്റെ പാൽ തന്നാൽ അത് സജീവവും കളിയുള്ളതുമാകും. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകും. എന്നാൽ എരുമയുടെ കിടാവിന് പാൽ കൊടുത്താൽ അതിന് മന്ദതയാകും. അവർക്ക് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ കഴിയില്ല, അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികളെ ഉത്സാഹികളാക്കണമെങ്കിൽ പശുവിന്റെ പാൽ നൽകണം,” എന്നാണ് ദിലാവറിന്റെ വാദം.
പശുക്കിടാവിനെയും എരുമക്കിടവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് വിട്ടാൽ പശുക്കിടാവ് വേഗത്തിൽ അതിൻ്റെ അമ്മയെ കണ്ടെത്തുമെന്നും എരുമക്കിടാവിന് അമ്മയെ കണ്ടെത്താൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. ഇരുവരും കുടിക്കുന്ന പാലിൻ്റെ വ്യത്യാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി പ്രസ്താവിച്ചു.
അതേസമയം ഇതാദ്യമായല്ല മന്ത്രിയുടെ വിവാദ പ്രസ്താവനകൾ പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 6—ബാബരി മസ്ജിദ് തകർത്ത ദിനം—‘ശൗര്യ ദിവസ്’ ആയി ആചരിക്കണമെന്ന് സ്കൂളുകളോട് ആവശ്യപ്പെട്ടതും വലിയ വിവാദത്തിന് കാരണമായിരുന്നു. അതുപോലെ 2024ൽ അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമർശം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ചില അധ്യാപകർ മോശമായ വസ്ത്രം ധരിച്ച് സ്കൂളുകളിൽ എത്തുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ചില അധ്യാപകർ മദ്യപിച്ച് സ്കൂളിൽ എത്തുന്നുവെന്നും അശ്ലീല ഭാഷ ഉപയോഗിക്കുന്നുവെന്നും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനു മുൻപ് സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതും അദ്ദേഹം നിരോധിച്ചിരുന്നു. തെറ്റിദ്ധാരണയായി ഫോൺ കൊണ്ടുവന്നാലും അത് പ്രിൻസിപ്പലിന് കൈമാറണമെന്നായിരുന്നു നിർദേശം. അവധി അപേക്ഷിച്ച് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷമേ ഫോൺ ഉപയോഗിക്കാൻ പാടുള്ളുവെന്നും, മുൻകൂർ അനുമതിയില്ലാതെ സ്കൂൾ പരിസരം വിട്ടാൽ സസ്പെൻഷൻ വരെ നേരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണുകൾ ഒരു രോഗമായി മാറിയിരിക്കുകയാണെന്നും, ചില അധ്യാപകർ ക്ലാസ്സിനിടെ സ്റ്റോക്ക് മാർക്കറ്റ് പോലുള്ള കാര്യങ്ങൾ നിരന്തരം പരിശോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ അക്കാദമിക് നഷ്ടം ഒഴിവാക്കുന്നതിനായാണ് ഈ നടപടികളെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്ത മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും വിമർശനങ്ങളുമാണ് ഉയരുന്നത്. പ്രത്യേക തരം പാൽ കുടിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കുമെന്നോ മറ്റൊന്ന് മടിയുണ്ടാക്കുമെന്നോ തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നിലവിലില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

















































