പ്രണയത്തെക്കുറിച്ച് നടി തൃഷ കൃഷ്ണൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറികൾ ചർച്ചയാക്കി ആരാധകർ. താരത്തിന്റെ പേര് നിരന്തരം വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണം. തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല താൻ എന്ന് വ്യക്തമാക്കുന്ന ഒരു സ്റ്റോറിയും തൃഷ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഇവാങ്ക ഹിൽടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു റീൽ. ‘ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ ജീവിതത്തിൽ കടന്നുപോകുന്നത്. ഒരു ആനയ്ക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാനത് അംഗീകരിക്കും. അത് നിങ്ങൾ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്.
എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാൾ, മനസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്റെ മനസമാധാനം നിലനിർത്തുകയും ചെയ്യുന്നു’, എന്നാണ് തൃഷ പങ്കുവെച്ച ഇവാങ്കയുടെ വാക്കുകൾ.
പിന്നാലെയാണ് പ്രണയവുമായി ബന്ധപ്പെടുത്തി മറ്റൊരു സ്റ്റോറിയും തൃഷ പങ്കുവെച്ചത്. ‘പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്’, എന്നായിരുന്നു പോസ്റ്റ്. ഇതിനോട് ചേർത്ത് ‘ഫാക്ട്’ എന്നുകൂടി തൃഷ കുറിച്ചു.
നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയതിന് പിന്നാലെ, തൃഷയുമായി ബന്ധപ്പെടുത്തി വിവാദങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റാണ് ഇരുവരേയും ബന്ധപ്പെടുത്തി ആദ്യമായി പരസ്യമായി പ്രതികരിച്ചത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗത്തിന്റെ വിവാഹമോചന ഹർജിക്കുപിന്നാലെ വിജയ്‌യേയും തൃഷയേയും ബന്ധപ്പെടുത്തി കൂടുതൽ ആരോപണങ്ങൾ ഉയർന്നു.






