തൃശൂർ: യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. അയൽവാസി കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് പിടികൂടി. വൈകിട്ട് 6.30നായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ അതിന്റെ പിറകേ ഇറങ്ങിയപ്പോൾ കത്തിയുമായി പിറകേയെത്തിയ തോമസ് കുത്തുകയായിരുന്നു.
കുത്തേറ്റ് അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയിൽ പൊലീസ് കണ്ടെത്തി. അഗ്നിരക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് പ്രതി. വ്യക്തിവൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. മക്കൾ: ഏഗ്ന, ആരോൺ.
















































