കൊല്ലം: പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിനു യുവാവിന്റെ ‘ശിക്ഷ’. മോട്ടർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിനാണ് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സ്വയം പിഴയിടേണ്ടി വന്നത്. ഓയൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണു സംഭവം. എംവിഡിയുടെ വാഹന പരിശോധന നടക്കുന്നതു കണ്ടു സമീപത്തെ വ്യാപാരശാലയിലെ ജീവനക്കാരൻ പരിശോധനാ സംഘത്തിന്റെ വാഹന നമ്പർ എടുത്തു പരിവാഹൻ സൈറ്റിൽ കയറി പൊല്യുഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു പരിശോധിച്ചു. സർട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി 25ന് തീർന്നിരുന്നു. ഇതോടെ യുവാവ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി വാഹനത്തിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തനിക്കു പിഴയീടാക്കിയതാണെന്നും നിയമലംഘനത്തിനു ശിക്ഷ എല്ലാവർക്കും ഒരുപോലെയാണെന്നും യുവാവ് വാദിച്ചു.
പെട്ടുപോയ ഉദ്യോഗസ്ഥർ സ്വന്തം വാഹനത്തിന് 2000 രൂപ പിഴ അടിച്ചതായി ചലാൻ യുവാവിനെ കാട്ടിയ ശേഷമാണു മടങ്ങിപ്പോയത്. അതേസമയം, ഈ ചലാനുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ പിഴ ഒടുക്കേണ്ടതില്ലെന്നുമാണു മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റിൽ കാണിക്കുന്നത്. വാഹനത്തിനു 2026 ഫെബ്രുവരി 20 വരെ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇപ്പോഴുണ്ട്. യുവാവിന്റെ മുൻപിൽ പിഴയിട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു പിഴ ഒഴിവാക്കുകയായിരുന്നു.
പൊല്യുഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാൽ പിഴ വരുന്ന തീയതി മുതൽ 7 ദിവസത്തിനകം സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ അത് ഒഴിവാകുമെന്ന് മോട്ടർ വാഹന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പുകപരിശോധനാ സർട്ടിഫിക്കറ്റിനു മാത്രമാണ് ഈ അവസരം.
Kerala: Young man successfully fined a Motor Vehicles Department vehicle for lacking a pollution certificate. The incident highlights the importance of adhering to pollution control norms and the seven-day grace period for renewing certificates.
Motor Vehicles Department Vehicle Pollution Certificate Kollam News Kerala News Malayalam News