ബെംഗളൂരു: കർണാടകയിലെ വനത്തിനുള്ളിലെ ഗുഹയിൽ റഷ്യൻ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളിൽ ഒരാളെ പ്രസവിച്ചത് ഗോവയിലെ ഒരു ഗുഹയിൽ വച്ചാണെന്നും പിന്നീടാണ് കർണാടകയിലേക്ക് വന്നതെന്നും 40 വയസ്സുകാരിയായ നിന കുട്ടീന പറഞ്ഞു. നിനയെയും രണ്ടു പെൺകുട്ടികളെയും ജൂലൈ ഒൻപതിനാണ് ഗോകർണത്തിനു സമീപമുള്ള വനത്തിൽനിന്ന് കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് ഇപ്പോൾ ഇന്ത്യയിൽ ഉള്ള ഇസ്രയേൽ പൗരനാണെന്നും നിന വെളിപ്പെടുത്തി. നിലവിൽ ബെംഗളൂരുവിലെ ഡിറ്റൻഷൻ സെന്ററിൽ കഴിയുകയാണിവർ.
ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു മകനെ നഷ്ടപ്പെട്ടെന്നും ഗോകർണയിലേക്ക് വന്നത് ആത്മീയതയ്ക്കു വേണ്ടി ആയിരുന്നില്ലെന്നും എന്നാൽ പ്രകൃതി നല്ല ആരോഗ്യം തന്നുവെന്നും നീന വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. നിനയുടെ പങ്കാളിയായ ഇസ്രയേൽ പൗരനെ കണ്ടെത്താൻ കഴിഞ്ഞതായി ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (ഫെറോ) പ്രതിനിധി അറിയിച്ചു. ഇയാൾ ബിസിനസ് വിസയിൽ ഇന്ത്യയിൽ കഴിയുകയാണ്. വസ്ത്രവ്യാപാര രംഗത്താണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും ചൊവ്വാഴ്ച ഇയാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഫെറോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിനയുടെയും കുട്ടികളുടെയും മടക്ക ടിക്കറ്റ് സ്പോൺസർ ചെയ്യാനാകുമോ എന്നറിയാനാണ് ഇയാളെ ഉദ്യോഗസ്ഥർ കണ്ടത്.
കുട്ടികളുടെ പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിന തയാറായിരുന്നില്ല എന്നും ഒടുവിൽ കൗൺസലറുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 2017ലോ 2018ലോ ആണ് നിനയും ഇസ്രയേൽ പൗരനും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും പിന്നീടു പ്രണയത്തിലായി. ഇതിനുശേഷം ഇയാൾ തിരിച്ച് നാട്ടിലേക്കു പോയെന്നും നിന പറയുന്നു. കുട്ടികൾ ജനിച്ച സമയം ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് നിന പറയുന്നത്. നിനയുടെ മറ്റൊരു കുട്ടി ഇപ്പോൾ റഷ്യയിലുണ്ടെന്നും അധികൃതർ പറഞ്ഞു.
വനത്തിനുള്ളിൽ സന്തോഷമായിരുന്നെന്നും ആദ്യമായാണ് തന്റെ കുട്ടികൾ ആശുപത്രിയും ഡോക്ടർമാരെയും കാണുന്നതെന്നും നിന പറഞ്ഞു. ‘‘എന്റെ കുട്ടികൾ വനത്തിനുള്ളിൽ സന്തോഷവതികളായിരുന്നു. വെള്ളച്ചാട്ടത്തിൽ കുളിച്ചു. നല്ല സ്ഥലത്ത് ഉറങ്ങിയിരുന്നു. കളിമണ്ണുപയോഗിച്ച് ശില്പനിർമാണവും ചിത്രരചനയും അവർ പഠിച്ചു. ഞങ്ങൾ നന്നായി നല്ല ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നു. ഞാൻ ഇരുപതോളം രാജ്യങ്ങളിൽ യാത്ര ചെയ്യുകയും അവിടങ്ങളിലെ വനങ്ങളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. കാരണം ഞങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്നു.’’–നിന പറഞ്ഞു.