തിരുവനന്തപുരം: അടുത്തതായി ഞെട്ടാൻപോകുന്നതു സിപിഎമ്മും ബിജെപിയും ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉദ്വേഗത്തിലായി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിയായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും അതു ചെയ്യാത്തവർ സൂക്ഷിച്ചോളൂ എന്നുമുള്ള മുന്നറിയിപ്പായിരുന്നു സതീശന്റേത്. ഇനിയും ചിലതെല്ലാം പുറത്തുവന്നേക്കാമെന്ന സന്ദേശം കൂടി അതു നൽകി. ഒരുപേടിയുമില്ലെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയത്.
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയർ ‘കോർ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചർച്ച നടക്കുന്നുണ്ട്. ബിജെപിയിലായിരിക്കെ സന്ദീപിന്റെ കടുത്ത വൈരിയായിരുന്ന നേതാവിനെ തന്നെയാണ് അദ്ദേഹം ഉന്നമിട്ടതെന്നു സൂചനകളുണ്ട്. ഇവർക്കിടയിലെ പോര് അന്ന് ബിജെപിക്കു പുറത്തേക്കും വ്യാപിച്ചിരുന്നു. പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നൽകിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്നങ്ങൾ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം.
‘സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിപ്പോകും’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. ഒരു വനിതാനേതാവ് പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ച് രഹസ്യമായി ലഭിച്ച വിവരം പങ്കുവയ്ക്കുകയാണ് സതീശൻ ചെയ്തതെന്ന് കരുതുന്നവരുണ്ട്. പാർട്ടിനേതാവിനെതിരെയുള്ള ഈ പരാതി നേതൃത്വം അവഗണിച്ചെന്ന വിവരമാണു ലഭിച്ചതെന്നും പറയപ്പെടുന്നു.
രാഹുലിനെതിരെ നടപടി കൈക്കൊണ്ടശേഷവും പ്രതിപക്ഷ നേതാവിന്റെ വസതിക്കു മുന്നിൽ സിപിഎമ്മും ബിജെപിയും നടത്തിയ പ്രതിഷേധം കോൺഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ആരോപണ വിധേയർ ഉണ്ടായിരിക്കെ കോൺഗ്രസിനെതിരെ സംസാരിക്കാൻ എന്തു ധാർമികതയാണ് സിപിഎമ്മിന് ഉള്ളതെന്ന ചോദ്യം കെപിസിസി നേതൃയോഗത്തിൽ ഉയർന്നു. പാർട്ടിക്കകത്തെ ഈ വികാരമാണ് സതീശന്റെ വാക്കുകളിലൂടെ പുറത്തുവന്നതെങ്കിലും അതിലൂടെ അദ്ദേഹം ഒരു വൻ സസ്പെൻസും നൽകി.
രാഹുൽ അധ്യായം കടന്ന് കോൺഗ്രസ്
അതേസമയം രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രശ്നം ‘അടഞ്ഞ അധ്യായം’ എന്ന നിലപാടിൽ കോൺഗ്രസ്. സർക്കാരിനെതിരെയുള്ള പ്രചാരണ, പ്രക്ഷോഭ പ്രവർത്തനങ്ങളിലേക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും കടക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇന്നലെത്തന്നെ കെപിസിസി നേതൃയോഗം ഓൺലൈനായി ചേർന്നു.
അച്ചടക്കനടപടിയോട് ഇന്നലെയും രാഹുൽ പ്രതികരിച്ചില്ല. അന്തരീക്ഷം ശാന്തമായശേഷം സംസാരിച്ചാൽ മതിയെന്ന നിർദേശമാണ് അടുപ്പമുള്ളവർ രാഹുലിനു നൽകിയിരിക്കുന്നത്. പൊതുപരിപാടികളിൽ തൽക്കാലം രാഹുൽ പങ്കെടുക്കില്ല. സെപ്റ്റംബർ 15ന് തുടങ്ങാൻ ഉദ്ദേശിക്കുന്ന നിയമസഭാസമ്മേളനത്തിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദേശമാണ് നേതൃത്വം നൽകിയിരിക്കുന്നത്.