തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വെെഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ഇആര്‍ഒയ്ക്കും ഹിയറിങ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് വീണ എസ് നായര്‍ പരാതി നല്‍കിയിരിക്കുന്നത്. വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടു എന്നതിന് തെളിവ് ലഭിച്ചിരുന്നു. വൈഷ്ണയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളില്‍ പരാമര്‍ശിക്കുന്ന വീടുകളിലെത്തി അന്വേഷണം നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു. കോര്‍പ്പറേഷനിലെ പ്രൊജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവാണ് പുറത്തുവന്നത്. തങ്ങളാണ് ഈ വീട്ടില്‍ രണ്ട് വര്‍ഷമായി താമസിക്കുന്നതെന്നും മറ്റാരും താമസിക്കുന്നില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നിലവിലെ താമസക്കാരില്‍ നിന്നും ഉദ്യോഗസ്ഥർ എഴുതിവാങ്ങിയിരുന്നത്.

















































