കോഴിക്കോട്: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനെതിരെയാണ് കാന്തപുരത്തിന്റെ ഓഫീസ് രംഗത്തെത്തിയത്.
കാന്തപുരത്തിന്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. കാന്തപുരം ഒന്നും ചെയ്തില്ലെന്ന പ്രചാരണം വന്നപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.
അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.
 
			

































 
                                






 
							






