സാഗ്രെബ്: വാട്ടർ തീം പാർക്കിലെ റൈഡിൽ അച്ഛനൊപ്പം ആഘോഷിക്കുന്നതിനിടെ അപകടം. ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡിൽ കയറിയ യുവാവിന്റെ കയ്യിൽ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ക്രൊയേഷ്യയിലെ അക്വാഗാൻ വാട്ടർ തീം പാർക്കിലാണ് സംഭവം. ജർമനിയിൽ നിന്നുള്ള യുവാവും മകളുമാണ് അപകടത്തിൽപ്പെട്ടത്.
റൈഡിന് താഴെ ഭാഗത്തുള്ള കോൺക്രീറ്റ് തറയിൽ തലയടിച്ച് വീണ ഒന്നര വയസുകാരിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. വാട്ടർ തീം പാർക്കിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു, കുട്ടിയെ കയ്യിൽ വച്ചായിരുന്നു അച്ഛൻ വാട്ടർ തീം പാർക്കിലെ റൈഡുകളിൽ കയറിയത്.
കുട്ടി താഴേയ്ക്ക് പിടിവിട്ട് പോയതിന് പിന്നാലെ മകളെ സഹായിക്കാൻ ആവശ്യപ്പെട്ട് നിലവിളിക്കുന്ന അച്ഛന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിജേകയിലെ ആശുപത്രിയിൽ വച്ചാണ് ഒന്നരവയസുകാരി മരിച്ചത്. രണ്ട് ദശാബ്ദത്തിന് മുൻപ് നിർമ്മിച്ച റൈഡിൽ വച്ചുണ്ടാകുന്ന ആദ്യത്തെ അപകടമാണ് ഇതെന്നാണ് പാർക്ക് അധികൃതർ വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ തെക്കൻ ജർമനിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക ട്രെയിൻ പാളം തെറ്റിയുണ്ടായ സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യൂണിക്കിൽ നിന്ന് 158 കിലോമീറ്റർ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേർ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.